ഗയ: 2009ൽ റൂബി ദേവി സതീഷിനെ വിവാഹം ചെയ്ത് ആ വീട്ടിലെത്തുമ്പോൾ മഹാദേവിന് ഏഴ് വയസ്സായിരുന്നു പ്രായം. റൂബിയുടെ ഭർത്താവിന്‍റെ രണ്ട് സഹോദരന്മാരിൽ ഇളയതായിരുന്നു മഹാദേവ്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട കുട്ടിയെ അന്ന് മുതൽ മകനെപ്പോലെയാണ് റൂബി സംരക്ഷിച്ചത്.
നാല് വർഷങ്ങൾക്ക് ശേഷം 2013ലാണ് റൂബിയുടെ ഭർത്താവ് സതീഷ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മൂന്ന് വയസ്സായ മകളും ഒരു വയസ്സായ മകനുമുള്ള റൂബി അതോടെ നിരാലംബയായി. സതീഷിന്‍റെ സഹോദരനായ മനീഷ് ദാസ് അപ്പോഴേക്കും വിവാഹിതനായിരുന്നു. അന്ന് മുതൽ സതീഷിന്‍റെ പിതാവ് തന്നേക്കാൾ 10 വയസ്സിന് ഇളയതായ മഹാദേവിനെ വിവാഹം ചെയ്യാൻ നിർബന്ധിച്ചിരുന്നതായി റൂബി പറയുന്നു.
'സതീഷിന്‍റെ മരണശേഷം എന്‍റെ മാതാപിതാക്കളോടൊപ്പമായിരുന്നു ഞാൻ താമസിച്ചിരുന്നത്. എന്നാൽ കുടുംബത്തിന്‍റെ അഭിമാനം സംരക്ഷിക്കണമെങ്കിൽ ഞാനും കുട്ടികളും ഭർത്താവിന്‍റെ വീട്ടിലാണ് നിൽക്കേണ്ടത് എന്ന അഭിപ്രായക്കാരനായിരുന്നു ഭർത്താവിന്‍റെ പിതാവ്. മകനെ പോലെ കണ്ടിരുന്ന ആളെ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ആ കുടുംബത്തിൽ എന്‍റെ സ്ഥാനം നിലനിർത്താൻ എനിക്ക് മുമ്പിൽ മറ്റ് വഴികളുണ്ടായിരുന്നില്ല.' റൂബി പറഞ്ഞു.
മഹാദേവിനെ വിവാഹം കഴിച്ചില്ലെങ്കിൽ അവകാശപ്പെട്ട സ്വത്ത് തരില്ലെന്നും ഭർത്താവിന്‍റെ പിതാവ് പറഞ്ഞിരുന്നതായി റൂബി പറഞ്ഞു. ഭർത്താവ് മരിച്ചപ്പോൾ കടയിൽ നിന്നും ലഭിച്ച 80,000ത്തിൽ നിന്ന് 53,000 രൂപ ലഭിക്കണമെങ്കിൽ മഹാദേവിനെ വിവാഹം കഴിക്കണമെന്ന് ഭർതൃപിതാവ് പറഞ്ഞു.
'ഡിസംബർ 11നായിരുന്നു വിവാഹം. വൈകീട്ട് ആറ് മണിയോടെയാണ് മാലയിട്ട് ചടങ്ങുകൾ പൂർത്തിയാക്കിയത്. കുട്ടികളോടൊപ്പം തന്‍റെ മുറിയിൽ ഉറങ്ങാൻ കിടന്ന താൻ 11 മണിയോടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴേക്കും മഹാദേവ് മരിച്ചിരുന്നു'- റൂബി പറഞ്ഞു.
മഹാദേവിന്‍റെ സഹോദരൻ മനീഷ് ദാസ് നൽകിയ പരാതി പ്രകാരം ബാലവിവാഹത്തിന് പ്രേരിപ്പിച്ചതിന് പിതാവിനെയും റൂബിയുടെ മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.