ഡമസ്കസ്: അലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ഉപരോധം തകര്‍ത്തതിനു പിന്നാലെ പട്ടണത്തിന്‍െറ മറ്റു ഭാഗങ്ങളും പിടിച്ചെടുക്കുമെന്ന് വിമതരുടെ പ്രഖ്യാപനം. പട്ടണം മുഴുവന്‍ പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ചതായി വിമത സൈനിക സഖ്യം കഴിഞ്ഞ ദിവസം അറിയിച്ചു.
ഈ യുദ്ധത്തിനായി തങ്ങളുടെ സേനാബലം ഇരട്ടിയാക്കുമെന്നും ഫത്ഹു ശാം അടക്കമുള്ള വിമതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി ഒരു മാസമായി തുടരുന്ന ഉപരോധം വിമത സൈന്യം തകര്‍ത്തത്. ഇക്കാര്യം സര്‍ക്കാറും ഹിസ്ബുല്ലയും നിഷേധിച്ചെങ്കിലും പിന്നീട് വിമതര്‍ ഗവണ്‍മെന്‍റ് ചെക്പോയന്‍റുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
മാസത്തോളമായി ഉപരോധത്തിലായിരുന്ന പ്രദേശത്തേക്ക് ഞായറാഴ്ച ഭക്ഷണമടക്കമുള്ള വസ്തുക്കള്‍ എത്തിക്കുകയും ചെയ്തു. ഇവിടെ മൂന്നു ലക്ഷത്തിലധികം പേരാണ് കുടുങ്ങിക്കിടന്നത്. ഉപരോധം തകര്‍ത്തതിനെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. റഷ്യയും സിറിയന്‍ സര്‍ക്കാര്‍ സേനയും വ്യോമാക്രമണം നടത്തുന്നതിനാല്‍ ജനം ഭീതിയിലാണ്. 2011നുശേഷം സര്‍ക്കാര്‍ സേന നേരിടുന്ന എറ്റവും വലിയ പരാജയമാണ് അലപ്പോയിലുണ്ടായതെന്ന് സിറിയന്‍ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ബശ്ശാര്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ വിമതരും പിടിച്ചുനില്‍ക്കാന്‍ റഷ്യയുടെ പിന്തുണയോടെ സര്‍ക്കാറും വരുംദിവസങ്ങളില്‍ ശ്രമിക്കുന്നതോടെ സിറിയ വീണ്ടും രക്തക്കളമാകുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.