ജൂബ: ആഭ്യന്തര സംഘർഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് സല്‍വാ ഖൈറും വൈസ് പ്രസിഡന്‍റ് റീക് മച്ചാറുമാണ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് ഇരുവിഭാഗവും വെടിനിർത്തലിന് ധാരണയായത്. സല്‍വാ ഖൈറിനെ പിന്തുണക്കുന്ന ഡിന്‍കയും റീക് മാഷറിനെ പിന്തുണക്കുന്ന നുവറും തമ്മിലാണ് ദക്ഷിണ സുഡാനിലെ സംഘര്‍ഷം.
ഇരുവിഭാഗങ്ങളും സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. രാജ്യ തലസ്ഥാനമായ ജൂബയിലേക്കും സംഘർഷം പടർന്നിരുന്നു. വിവിധ സംഘർഷങ്ങളിൽ സൈനികരടക്കം 300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സേനാംഗമായിരുന്ന രണ്ടു ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു ശേഷം 2011 ജൂലൈ ഒമ്പതിനാണ് ദക്ഷിണ സുഡാന്‍ എന്ന രാജ്യം യാഥാര്‍ഥ്യമായത്. ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യമായ സുഡാനെ വിഭജിച്ചാണ് ദക്ഷിണ സുഡാന്‍ സ്ഥാപിച്ചത്. ഡിന്‍ക വംശത്തിന്‍റെ പ്രതിനിധിയായ സല്‍വാ ഖൈറിനെ പ്രസിഡന്‍റായും നുവര്‍ എന്ന വിഭാഗത്തിന്‍റെ നേതാവായ റീക് മാഷറിനെ വൈസ് പ്രസിഡന്‍റായും അവരോധിച്ചാണ് ദക്ഷിണ സുഡാൻ ഭരണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.