കൊടുംപട്ടിണിയില്‍ പിടഞ്ഞുതീരുന്ന ജനത

അബുജ: ഭൂമിയിലെ ഏറ്റവും ഹതാശരായ ജനതയേതെന്ന് ചോദിച്ചാല്‍ സംശയം വേണ്ട, ഉള്ളിലാളുന്ന വിശപ്പിന്‍െറ തീയുമായി മരിക്കാന്‍ വിധിക്കപ്പെടുന്നവര്‍തന്നെ.  കൊടുംപട്ടിണിയാല്‍ ഓരോ നിമിഷവും ആയിരങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നുവെന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ് വടക്കന്‍ നൈജീരിയയില്‍ നിന്നുമുള്ളത്. ബോകോ ഹറാം തീവ്രവാദികളും സൈന്യവും ഇവര്‍ക്ക് മരണത്തിലേക്കുള്ള വഴികള്‍ എളുപ്പമാക്കുന്നു.  

നൈജീരിയന്‍ അധികൃതര്‍ മേഖലയില്‍ ഉടനീളം മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലേക്ചാദ് മേഖലയില്‍മാത്രം 44 ലക്ഷം ജനങ്ങള്‍ ആണ് കൊടുംപട്ടിണിയില്‍ വലയുന്നതെന്ന് യു.എന്‍ കോഓഡിനേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) പറയുന്നു. ഏറ്റവും അടിയന്തരമായ ഭക്ഷണം ലഭ്യമാക്കേണ്ട ജനതയാണിത്. തന്‍െറ 20 വര്‍ഷത്തെ സേവന ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും ഇത്തരത്തിലെ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ളെന്ന് ഒ.സി.എച്ച്.എയുടെ കോഓഡിനേറ്റര്‍ ടോബി ലാന്‍സര്‍ പറയുന്നു. വടക്കന്‍ നൈജീരിയയില്‍ പതിനായിരങ്ങളെ മരണത്തിന്‍െറ വക്കില്‍നിന്ന് കരകയറ്റുക എന്നതിലേക്കുള്ള ചുവടുവെപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് വര്‍ഷത്തിലേറെയായി ബോകോ ഹറാം എന്ന ഭീകരവാദ സംഘടനയുടെ ആധിപത്യത്തിലാണ് ഈ മേഖല. ഈ കാലയളവില്‍  സൈന്യവും തീവ്രവാദികളും തമ്മിലെ സംഘര്‍ഷങ്ങളാലും സിവിലിയന്‍മാരുടെ നേര്‍ക്കുള്ള ആക്രമണങ്ങളാലും ജനങ്ങള്‍ അവരുടെ അധിവാസമേഖലകളില്‍നിന്ന് പറിച്ചെറിയപ്പെട്ടു. കൃഷിയോ മറ്റ് ഉപജീവനങ്ങളോ ഇല്ലാത്ത  തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് കടന്നുപോവുന്നത്.
മനുഷ്യാവകാശ -സന്നദ്ധ സംഘങ്ങളുടെ കേന്ദ്രമായി കരുതപ്പെടുന്ന ബോര്‍ണോ സംസ്ഥാനത്തിന്‍െറ തലസ്ഥാനമായ മെയ്ദുഗുരിയില്‍ പോലും കടുത്ത ഭക്ഷ്യ പ്രതിസന്ധിയാണ്. മറ്റ് സ്ഥലങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ട 24 ലക്ഷം പേര്‍ ആണ് അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട്  ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് താങ്ങാനാവാത്ത വിലയാണ്. ഈ വന്‍ പ്രതിസന്ധി മറികടക്കാന്‍ യു.എന്നിന് മാത്രം കഴിയില്ളെന്നും അന്തര്‍ദേശീയതലത്തില്‍ സംഭാവനകള്‍ നല്‍കിയാലേ ഈ ജനതയെ രക്ഷപ്പെടുത്താനാവൂ എന്നും ലാന്‍സര്‍ അറിയിച്ചു.  മേഖലയില്‍ വൈദ്യസഹായത്തിന് മേല്‍നോട്ടം നല്‍കുന്ന എം.എസ്.എഫിന്‍െറ ഇസബെല്ല മൗനിയമാന്‍െറ വാക്കുകള്‍ ദുരന്തത്തിന്‍െറ ആഴം വരച്ചുകാണിക്കുന്നു. രണ്ടു വര്‍ഷത്തോളമായി തങ്ങള്‍ അപായ മുന്നറിയിപ്പ് നല്‍കിവരികയാണെന്നും അവര്‍ പറഞ്ഞു. മെയ്ദുഗുരിക്ക് പുറത്ത് ബോകോ ഹറാമിനും സൈനികര്‍ക്കും ഇടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ 39 ശതമാനം കുട്ടികളും കടുത്ത പോഷകാഹാര ദൗര്‍ലഭ്യം അനുഭവിക്കുന്നവരാണ്. 1999ല്‍ തന്‍െറ എം.എസ്.എഫ് സേവന ജീവിതം തുടങ്ങിയതുമുതല്‍ ഇതുവരെ കാണാത്ത അതീവ ഭയാനകമായ അവസ്ഥയാണെന്നും മൗനിയമാന്‍ പറയുന്നു.

ആയുധങ്ങളും മൈനുകളുമായി കാത്തിരിക്കുന്ന ബോകോ ഹറാം തീവ്രവാദികളുടെ വിഹാര ഭൂമികയാണ് മെയ്ദുഗുരി.  30000 പേര്‍ താമസിക്കുന്ന ബാമയിലെ ക്യാമ്പ് തീവ്രവാദികള്‍ തകര്‍ത്തു. സ്ത്രീകളും കുട്ടികളും ആയിരുന്നു ക്യാമ്പില്‍ ഭൂരിഭാഗവും.
‘ഒരു ക്യാമ്പില്‍ 1233 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ മൂടിയത് ഞങ്ങള്‍ കണ്ടു. അതില്‍ 480ഓളം പേര്‍ കുട്ടികളായിരുന്നു. വൃത്തിഹീനമായ ക്യാമ്പുകളില്‍ ദിവസംതോറും ആളുകള്‍ മരിച്ചുവീഴുന്നു. സൈനിക തലവന്മാരോ പ്രാദേശിക നേതാക്കളോ വല്ലപ്പോഴും വെച്ചുനീട്ടുന്ന റേഷന്‍ പാചകം ചെയ്യാനുള്ള സംവിധാനം പോലുമില്ലാതെ പച്ചക്ക് കഴിക്കുകയാണിവര്‍.  ഇക്കാര്യം പറഞ്ഞ് ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്താല്‍ നിരീക്ഷണം നടത്തുന്ന സൈന്യം ഫോണ്‍ പിടിച്ചെടുക്കും, അടിക്കും - ക്യാമ്പിലെ ദൈന്യത ലാന്‍സര്‍ വിവരിക്കുന്നു. ആരെങ്കിലും ഇവിടത്തെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നില്ല. നമുക്ക് പരസ്പരം കുറ്റപ്പെടുത്താന്‍ കഴിയും. എന്നാല്‍, ഇവിടത്തെ പ്രധാന പ്രശ്നം അതല്ല. ഈ ദുരന്തത്തെ എങ്ങനെ മറികടക്കും എന്നതാണ്- ലാന്‍സര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.