ട്രംപ് ‘അപകടകാരിയായ’ പ്രസിഡന്‍റായിരിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പാര്‍ട്ടിയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്ത്. പാര്‍ട്ടിയിലെ 50 വിദഗ്ധര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ട്രംപ് പ്രസിഡന്‍റാവുന്നത് രാജ്യത്തെ അപകടപ്പെടുത്തുമെന്നതടക്കമുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. മുന്‍ സി.ഐ.എ മേധാവി മൈക്കിള്‍ ഹെയ്ഡന്‍ അടക്കമുള്ളവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.അനുഭവവും മൂല്യവും സ്വഭാവഗുണങ്ങളുമില്ലാത്തയാളാണ് ട്രംപ്. ലോകത്തിന്‍െറ നേതൃത്വമെന്ന അമേരിക്കയുടെ ആധികാരികതയെ ട്രംപ് ദുര്‍ബലപ്പെടുത്തുകയാണ്. അമേരിക്കന്‍ ഭരണഘടന, നിയമങ്ങള്‍, സ്ഥാപനങ്ങള്‍, മതസഹിഷ്ണുത, പത്രസ്വാതന്ത്ര്യം, സ്വതന്ത്രമായ നീതിനിര്‍വഹണം തുടങ്ങിയ കാര്യങ്ങളില്‍ അടിസ്ഥാന വിവരം പോലുമില്ലാത്തവരെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ഞങ്ങളിലൊരാളും ട്രംപിന് വോട്ടു ചെയ്യില്ല- കത്തില്‍ പറയുന്നു.

അതേസമയം കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പരാജിതരായ വാഷിങ്ടണ്‍ വരേണ്യരാണെന്ന് ട്രംപ് തിരിച്ചടിച്ചു. ലോകം ഇത്തരത്തില്‍ ദുരിതപൂര്‍ണമാക്കിയ ആളുകളാണ് കത്തില്‍ ഒപ്പുവെച്ചവരെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്‍ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ നെഗ്രപന്‍ടെ, ലോക ബാങ്ക് മുന്‍ പ്രസിഡന്‍റ് റോബര്‍ട്ട് സീലിക്ക് എന്നീ പ്രമുഖരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ സമാനമായ രീതിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിച്ചിരുന്നു.എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ ഇ-മെയില്‍ ഹാക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ ട്രംപിനെതിരെ രംഗത്തുവന്നതെന്നാണ് ന്യൂയോര്‍ക് ടൈംസ് പത്രം വിലയിരുത്തുന്നത്.

മുന്‍ യു.എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറ സഹായിയായിരുന്ന ലെസ്ലീ വെസ്റ്റിന്‍ കഴിഞ്ഞ തിങ്കളാഴ്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നതോടെ റിപ്പബ്ളിക്കല്‍ സ്ഥാനാര്‍ഥിക്ക് വഴി എളുപ്പമാവില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.