ഹിലരിക്ക് പരസ്യ പിന്തുണയുമായി ബേണി സാൻഡേഴ്സ്

ന്യൂഹാംഷെയർ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്‍റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാൻഡേഴ്സ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഹിലരിയെ പിന്തുണക്കുന്നതായി സാൻഡേഴ്സ് വ്യക്തമാക്കി. വിജയം ഉറപ്പിക്കാൻ പ്രവർത്തിക്കും. യു.എസിന്‍റെ അടുത്ത പ്രസിഡന്‍റ് ഹിലരിയാകുമെന്നും സാൻഡേഴ്സ് ആശംസിച്ചു.

പ്രൈമറി തെരഞ്ഞെടുപ്പുകളിൽ 60 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ച ന്യൂഹാംഷെയറിലെ പ്രചാരണ പരിപാടിയിൽ നേരിട്ടെത്തിയാണ് സാൻഡേഴ്സ് ഹിലരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. പ്രൈമറികളിൽ മുഖ്യ എതിരാളിയായിരുന്ന സാൻഡേഴ്സിന്‍റെ പിന്തുണ ഹിലരിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

സ്ഥാനാർഥിത്വം ഉറപ്പിക്കും വരെ ഹിലരിക്കെതിരെ ശക്തമായ വിമർശവും പ്രസ്താവനകളുമാണ് സാൻഡേഴ്സ് നടത്തിയിരുന്നത്. ഹിലരിയിൽ നിന്ന് വ്യത്യസ്തമായി മിനിമം കൂലി, വരുമാന സമത്വം, ചെലവ് കുറഞ്ഞ് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ പുനരവലോകനം എന്നിവക്ക് വേണ്ടി വാദിക്കുന്ന നേതാവാണ് സാൻഡേഴ്സ്.

ഹിലരിയെ പിന്തുണച്ച ബേണി സാൻഡേഴ്സിനെതിരെ രൂക്ഷ വിമർശവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വക്രബുദ്ധിക്കാരിയായ ഹിലരിക്കുള്ള സാൻഡേഴ്സിന്‍റെ പിന്തുണ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരക്കാർ യു.എസ് ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോൾഡ്മാൻ സാചസിനെ പിന്തുണക്കുന്നത് പോലെയെന്ന് ട്രംപ് പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.