സോൾ: ലോക സഞ്ചാരികൾക്ക് നിയന്ത്രണമുള്ള നാടാണ് ഉത്തര കൊറിയ. പക്ഷേ, അധികം വൈകാതെ ഉത്തര കൊറിയയിലെ പുത്തൻ റിസോർട്ട് സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് വൻകിട ടൂറിസം കേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് നേതാവായ കിം ജോങ് ഉൻ. വോൻസാൻ-കൽമ മേഖലയിലെ റിസോർട്ട് കിമ്മിന്റെ സ്വപ്ന പദ്ധതിയാണ്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ നിരവധി വർഷങ്ങളായി പഞ്ചനക്ഷത്ര ഹോട്ടലുകളും വിനോദ സൗകര്യങ്ങളും നിർമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡും ഐക്യരാഷ്ട്ര സഭ ഉപരോധവും കാരണം നിർമാണ വസ്തുക്കൾക്ക് ക്ഷാമം നേരിട്ടതോടെ പദ്ധതി നിലക്കുകയായിരുന്നു. ചൊവ്വാഴ്ച വോൻസാൻ -കൽമ മേഖല സന്ദർശിച്ച കിം, കേന്ദ്രം അടുത്ത വർഷം മേയിൽ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്തര കൊറിയയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോർട്ട് എന്ന് ലോകത്ത് അറിയപ്പെടുന്ന രീതിയിൽ വിജയകരമായി പദ്ധതി നിർമിക്കുമെന്ന് കിം പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് എജൻസി റിപ്പോർട്ട് ചെയ്തു.
സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ടൂറിസം പദ്ധതികൾക്ക് ഉത്തര കൊറിയ അനുമതി നൽകിയത്. ചില റഷ്യൻ സഞ്ചാരികൾ മാത്രമാണ് ഈ വർഷം ഉത്തര കൊറിയ സന്ദർശിച്ചത്. കോവിഡിനു മുമ്പ് മൂന്നുലക്ഷം സഞ്ചാരികൾ ഉത്തര കൊറിയയിൽ എത്തിയിരുന്നു. ചൈനക്കാരാണ് ഉത്തര കൊറിയയുടെ പ്രധാന ടൂറിസ്റ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.