മലേഷ്യയിൽ വിവാദ സുരക്ഷാനിയമം പ്രാബല്യത്തില്‍

ക്വാലാലംപൂര്‍: ഏറെ വിവാദമായ ദേശീയ സുരക്ഷാനിയമം മലേഷ്യയില്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ഡിസംബറില്‍ പാസായ നിയമത്തിനെതിരെ ഇതിനകം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
സുരക്ഷാ പ്രശ്നങ്ങളുള്ള സ്ഥലങ്ങളില്‍ സൈന്യത്തിന് അമിതാധികാരം നല്‍കാനും വാറന്‍റില്ലാതെതന്നെ അറസ്റ്റ് ചെയ്യാനും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്താനും കഴിയുന്ന നിയമം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെതന്നെ അട്ടിമറിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. നിയമം പാസാക്കിയതിന്‍െറ പേരില്‍ പ്രധാനമന്ത്രി നജീബ് റസാഖിന്‍െറ രാജിയും അവര്‍ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ പ്രശ്നങ്ങളുള്ള മേഖലകളില്‍ സൈനിക ഇടപെടലിനും നിരോധാജ്ഞ ഏര്‍പ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി തലവനായുള്ള നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതിക്ക് ആവശ്യമെങ്കില്‍ പൗരാവകാശങ്ങള്‍ എടുത്തുമാറ്റുന്നതിന് അധികാരമുണ്ടായിരിക്കും. ഇത് നജീബിന്‍െറ ഏകപക്ഷീയമായ ഭരണത്തിന് വഴിതുറക്കുമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആശങ്ക. പുതിയ സംവിധാനം രാജ്യത്ത് പലവിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഇടയാക്കുമെന്ന് യു.എന്നും നിരീക്ഷിക്കുന്നു.
അതേസമയം, തീവ്രവാദി ഭീഷണികളെ ഫലപ്രദമായി ചെറുക്കാന്‍ ഇത്തരമൊരു നിയമം അത്യാവശ്യമാണെന്ന് നജീബ് റസാഖ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.