ഡമസ്കസ്: സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ അലപ്പോയില്‍ രാസായുധ പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങളും മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ‘വൈറ്റ് ഹെല്‍മെറ്റ്സ്’ ഗ്രൂപ്പും വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നഗരത്തിനടുത്തുള്ള സുബൈദിയ്യയില്‍ ഹെലികോപ്ടറില്‍നിന്നാണ് ആയുധപ്രയോഗം നടത്തിയത്. ക്ളോറിന്‍ വിഷവാതകമാണിതെന്നാണ് സംശയിക്കുന്നത്. ഒരു സ്ത്രീയും അവരുടെ പത്തും നാലും വയസ്സുള്ള മക്കളുമാണ് ശ്വാസം മുട്ടി മരിച്ചത്. പ്രദേശത്തെ 25 പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ പരിശോധിച്ചപ്പോഴാണ് രാസായുധ പ്രയോഗം നടത്തിയതിന്‍െറ സൂചനകള്‍ ലഭിച്ചത്്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ സംഭവം സ്ഥിരീകരിക്കാന്‍ കഴിയൂ.
രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് അലപ്പോ. നഗരത്തിന്‍െറ ചില ഭാഗങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഈ ഭാഗത്താണ് ഇപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സൈന്യം ഈ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സൈന്യം ഇവിടെ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ചയും അലപ്പോയില്‍ രാസായുധ പ്രയോഗം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്‍ ഖതാര്‍ജിയിലും ഇദ്ലിബ് പ്രവിശ്യയിലെ സറാഖിബിലുമായിരുന്നു ക്ളോറിന്‍ വാതകം വര്‍ഷിച്ചത്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഇരു സൈനികരും നിഷേധിച്ചിട്ടുണ്ട്്. ആക്രമണം നടത്തിയത് റഷ്യന്‍ സൈന്യമാണെന്നും ആരോപണമുണ്ട്.
അതിനിടെ, അലപ്പോയില്‍ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണ്. മേഖലയിലെ ആശുപത്രികള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നാവശ്യപ്പെട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഡോക്ടര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് കത്തെഴുതി. അതിനിടെ, ദിവസവും മൂന്ന് മണിക്കൂര്‍ വ്യോമാക്രമണം നിര്‍ത്തിവെക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.