റിയാദ്/മനാമ/ദുബൈ: തെഹ്റാനിലെ സൗദി എംബസിക്കും മശ്ഹദിലെ കോണ്‍സുലേറ്റിനുംനേരെ ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയും ബഹ്റൈനും വിച്ഛേദിച്ചു. ഖാര്‍ത്തൂമിലെ അംബാസഡര്‍ അടക്കമുള്ള മുഴുവന്‍ ഇറാന്‍ എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കാന്‍ സുഡാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് ഓഫിസ് അറിയിച്ചു. തെഹ്റാനുമായുള്ള നയതന്ത്രദൗത്യം വെട്ടിച്ചുരുക്കാന്‍ യു.എ.ഇയും തീരുമാനിച്ചിട്ടുണ്ട്. സൗദി എംബസി കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സൗദി ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ ഞായറാഴ്ച വൈകീട്ട് നിര്‍ദേശം നല്‍കുകയായിരുന്നു.
ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ തെഹ്റാനിലെ സൗദി എംബസിയില്‍നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ശനിയാഴ്ചതന്നെ ഒഴിപ്പിച്ച് നാട്ടിലേക്കത്തെിച്ചതായി വ്യക്തമാക്കി. നയതന്ത്ര സ്ഥാപനങ്ങള്‍ക്കുനേരെ ഇറാനില്‍ മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സൗദി എംബസിക്കുനേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായപ്പോള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.
നയതന്ത്ര കാര്യാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണം അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്ന് ആദില്‍ ജുബൈര്‍ കുറ്റപ്പെടുത്തി. ഭീകരവൃത്തിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ വധശിക്ഷക്ക് വിധേയമാക്കിയ 47 പേരില്‍ ശിയാ നേതാവ് നമിര്‍ അന്നമിര്‍ ഉള്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് കലാപമഴിച്ചുവിട്ട പ്രക്ഷോഭകാരികള്‍ തെഹ്റാനിലെ സൗദി എംബസി ആക്രമിച്ച് നാശനഷ്ടം വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് റിയാദിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സൗദി പ്രതിഷേധം അറിയിച്ചിരുന്നു.
രാജ്യത്തിന്‍െറ വിവിധ കോണുകളില്‍ ഇറാനില്‍നിന്നുണ്ടായ അതിക്രമത്തിനെതിരെ ശക്തമായ പ്രതികരണമുയര്‍ന്നിരുന്നു. അതിനു പിറകെയാണ് നയതന്ത്രബന്ധം റദ്ദാക്കിയുള്ള സൗദിയുടെ തീരുമാനം പുറത്തുവന്നത്. സൗദി നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ആക്രമണം എല്ലാവിധ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍പറത്തുന്ന വംശീയവെറി പൂണ്ട പ്രവര്‍ത്തനമാണെന്ന് ആരോപിച്ചാണ് ബഹ്റൈന്‍ ഇറാന്‍ ബന്ധവിച്ഛേദനം പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലംവിടാന്‍ മനാമയിലെ ഇറാന്‍ നയതന്ത്ര പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്റൈനില്‍ മാത്രമല്ല, ജി.സി.സി, അറബ് രാജ്യങ്ങളിലും ധാര്‍മികമര്യാദ പാലിക്കാതെ ഇറാന്‍ രാഷ്ട്രീയ സായുധ ഇടപെടല്‍ നടത്തുന്നതായി മനാമ ആരോപിച്ചു.
ഭീകരരെയും തീവ്രവാദികളെയും പിന്തുണച്ചും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തിയും മേഖലയില്‍ അസ്വാസ്ഥ്യവും കാലുഷ്യവും വിതക്കാനും നിരപരാധികളുടെ ചോരയൊഴുക്കാനുമാണ് ഇറാന്‍െറ ശ്രമമെന്ന് ബഹ്റൈന്‍ ആരോപിച്ചു. സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ടെലിഫോണ്‍ സന്ദേശത്തിലാണ് സുഡാന്‍െറ തീരുമാനം പ്രസിഡന്‍റ് ഉമറുല്‍ ബഷീറിന്‍െറ ഓഫിസ് ചുമതലയുള്ള മന്ത്രിസഭാംഗം താഹാ ഉസ്മാന്‍ ഹുസൈന്‍ അറിയിച്ചത്. സുഡാന്‍െറ ഇറാനിലെ അംബാസഡറോട് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി നയതന്ത്രകാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ ഇറാന്‍ മൗനംപാലിച്ചതില്‍ ശക്തിയായി പ്രതിഷേധിച്ച സുഡാന്‍ ഭീകരതയെ നേരിടുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഇറാന്‍ നയതന്ത്രകാര്യാലയങ്ങളിലെ പ്രാതിനിധ്യം മിനിമത്തിലേക്ക് പരിമിതപ്പെടുത്താനും ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും യു.എ.ഇ തീരുമാനിച്ചു. ഗള്‍ഫ്, അറബ്നാടുകളിലെ ഇറാന്‍ ഇടപെടല്‍ അത്യസാധാരാണ തരത്തിലേക്ക് എത്തിയതിനാലാണ് ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തെഹ്റാനിലെ യു.എ.ഇ അംബാസഡര്‍ സൈഫ് സആബിയെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.