???????? ???????????? ???? ???????? ??????????????? ?????? ?????? ???? ??????????? ???????????? ??????????? ????? ??????????

തുർക്കിയിൽ അറസ്റ്റ് തുടരുന്നു; 9000 പേരുടെ സ്ഥാനം തെറിച്ചു

ഇസ്തംബൂള്‍: സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ ഭരണകൂടത്തെ താഴെയിറക്കാന്‍ തുനിഞ്ഞിറങ്ങിവര്‍ക്കെതിരെ തുര്‍ക്കി ഭരണകൂടത്തിന്‍െറ നടപടി തുടരുന്നു. ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഒൗദ്യോഗിക സ്ഥാനത്തുനിന്ന് നീക്കംചെയ്തു. ഇതില്‍ 7899 പൊലീസ്-സുരക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടുമെന്ന് തുര്‍ക്കി ദേശീയ വാര്‍ത്താ ഏജന്‍സിയായ ‘അനറ്റോലി’ പുറത്തുവിട്ടു.  

അട്ടിമറി നീക്കത്തെതുടര്‍ന്ന് ഇതുവരെയായി 7500 പേര്‍ അറസ്റ്റിലായതാണ് അധികൃതര്‍ പുറത്തുവിട്ട വിവരം. ഇതില്‍ 6038 പേര്‍ സൈനികരും 100 പൊലീസുകാരും 755 ജഡ്ജിമാരും 650 സിവിലിയന്മാരും ഉണ്ട്. അറസ്റ്റിലായ സൈനികരില്‍ 130  പേര്‍ ജനറല്‍മാരാണ്. ഇതിനു പുറമെ, അട്ടിമറി ഗൂഢാലോചനയില്‍ ഭാഗഭാക്കായി എന്നു സംശയിക്കുന്ന സൈനിക- നിയമ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് രാജ്യത്ത് വ്യാപക റെയ്ഡ് ആരംഭിച്ചു. ഇസ്തംബൂള്‍ നഗരത്തിലെ പ്രസിദ്ധമായ എയര്‍ഫോഴ്സ് സൈനിക അക്കാദമിയിലും റെയ്ഡ് നടന്നു.  ഇസ്തംബൂളിലെ സബീഹ ഗോക്കന്‍ വിമാനത്താവളത്തില്‍നിന്ന് 11 സൈനികരെ അറസ്റ്റ് ചെയ്തു.

 രാജ്യത്തിന്‍െറ വ്യോമ മേഖലകള്‍ സുരക്ഷിതമാക്കാനള്ള ഉര്‍ദുഗാന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് യുദ്ധവിമാനങ്ങള്‍ തുര്‍ക്കിയുടെ ആകാശത്ത് പട്രോളിങ് നടത്തി. രാത്രിയില്‍ ഉടനീളം എഫ്-16 ജെറ്റുകള്‍ റോന്തുചുറ്റി.  പ്രധാന നഗരങ്ങളില്‍ ടാങ്കുകള്‍ ഉപയോഗിച്ച് പട്രോളിങ് നടന്നു. ഇസ്തംബൂളിന്‍െറ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സമീപ പ്രവിശ്യകളില്‍നിന്ന് 1800ഓളം ഉന്നത പൊലീസുകാരെ ഇറക്കി. 2004ല്‍ രാജ്യത്ത് റദ്ദാക്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

അതിനിടെ, രാജ്യത്തുടനീളം ഞായറാഴ്ച രാത്രിയും ജനാധിപത്യ ഭരണകൂടത്തെ പിന്തുണച്ച് പ്രകടനങ്ങള്‍ അരങ്ങേറി. ആയിരക്കണക്കിന് പേര്‍ തുര്‍ക്കി പതാകയുമേന്തി അങ്കാറയിലെ കിസിലെ ചത്വരത്തിലേക്കൊഴുകി. ഇസ്തംബൂളിലെ തസ്കിം ചത്വരത്തിലും സമാനമായ കാഴ്ചയായിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 208 പേരാണെന്നാണ് ഏറ്റവും ഒടുവില്‍ അധികൃതര്‍ അറിയിച്ചത്. 145 സിവിലിയന്മാരും 60 പൊലീസുകാരും മൂന്നു സൈനികരുമാണ് മരിച്ചത്. 1491 പേര്‍ക്ക് പരിക്കേറ്റു. ഇതിനുപുറമെ, 100 വിമത സൈനികരും കൊല്ലപ്പെട്ടു.

രാജ്യം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയതായി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം കഴിഞ്ഞ ദിവസം പ്രസ്താവിച്ചുവെങ്കിലും അട്ടിമറി ഭീഷണിയില്‍നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ളെന്ന് അധികൃതര്‍ കരുതുന്നു. എന്നാല്‍, സുരക്ഷാ-നീതിന്യായ മേഖലകള്‍ ശുദ്ധീകരിച്ച് അട്ടിമറിക്കു മുമ്പുള്ള അവസ്ഥയിലേക്ക് എപ്പോള്‍ മടങ്ങുമെന്നോ നീക്കംചെയ്ത ജഡ്ജിമാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും പകരക്കാരെ എന്നു നിശ്ചയിക്കുമെന്നോ ഉള്ള  കാര്യങ്ങള്‍ വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.