കാബൂളിൽ ചാവേർ സ്​​ഫോടനം; 80 മരണം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 231 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് തലവന്‍ വഹീദ് മജ്റോഹ് പറഞ്ഞു.

ദേഹ്മസംങ് പ്രദേശത്ത് ഹസാര വിഭാഗക്കാരുടെ പ്രതിഷേധ പ്രകടനത്തിലേക്ക് മൂന്നു ചാവേറുകള്‍ എത്തിയാണ് ആക്രമണം നടത്തിയത്. ചാവേറുകളില്‍ ഒരാളെ സുരക്ഷാസേന വെടിവെച്ചുകൊന്നു. മറ്റു രണ്ടുപേരാണ് പൊട്ടിത്തെറിച്ചത്. സ്ഫോടന സ്ഥലത്ത് മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു.

പ്രദേശത്തുകൂടി വലിക്കാനിരുന്ന 500 കിലോവാട്ട് ശേഷിയുള്ള വൈദ്യുതിലൈന്‍ മറ്റൊരു സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. വികസനത്തില്‍ പിന്നാക്കമായ തങ്ങളുടെ പ്രദേശത്തോടുള്ള അവഗണനയാണ് വൈദ്യുതി ലൈന്‍ വഴിമാറ്റാന്‍ കാരണമെന്നാണ് പ്രകടനക്കാരുടെ ആരോപണം. ഷിയ വിഭാഗത്തില്‍പെട്ട ഹസാരെ സമൂഹത്തിലെ ആയിരത്തോളം പേരാണ് പ്രകടനം നടത്തിയത്.

തുര്‍ക്മെനിസ്താനില്‍നിന്ന് കാബൂളിലേക്കുള്ള വൈദ്യുതി ലൈന്‍ ഹസാര വിഭാഗക്കാര്‍ താമസിക്കുന്ന ബാമിയന്‍, വാര്‍ദാക്ക് പ്രവിശ്യകളിലൂടെ കടന്നുപോകാനാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍, 2013ല്‍ അന്നത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ വൈദ്യുതി ലൈനിന്‍െറ റൂട്ട് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

സ്ഫോടനത്തെതുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ സുരക്ഷാസേനക്കുനേരെ കല്ളെറിഞ്ഞു. അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി സ്ഫോടനത്തെ അപലപിച്ചു.
 ആക്രമണം നടക്കുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നെന്നും ഇക്കാര്യം പ്രകടനത്തിന്‍െറ സംഘാടകരെ അറിയിച്ചിരുന്നെന്നും പ്രസിഡന്‍റിന്‍െറ വക്താവ് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.