ആസിയാനില്‍ ചൈനക്ക് നയതന്ത്ര ജയം

ലാവോസ്:  ദക്ഷിണ ചൈനാ കടലില്‍ അതിര്‍ത്തിനിര്‍ണയം വേണമെന്ന ആവശ്യത്തില്‍നിന്ന് ഫിലിപ്പീന്‍ പിന്മാറിയതോടെ ‘ആസിയാനി’ല്‍ ചൈനക്ക് നയതന്ത്ര ജയം. ആസിയാനിലെ അംഗമായ കംബോഡിയ, ഫിലിപ്പീന്‍സിന്‍െറയും വിയറ്റ്നാമിന്‍െറയും  ഈ ആവശ്യത്തെ എതിര്‍ത്തതോടെ ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിസന്ധിക്ക് അവസാനമായി. തങ്ങളെ പിന്തുണച്ച കംബോഡിയക്ക് ചൈന പരസ്യമായി നന്ദി പറയുകയും ചെയ്തു.

ദക്ഷിണ ചൈനാ കടലിലെ അധികാരത്തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് അസോസിയേഷന്‍ ഓഫ് സൗത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സിന്‍െറ (ആസിയാന്‍)  പത്ത് അംഗരാജ്യങ്ങള്‍ വിയറ്റ്നാമില്‍ സമ്മേളിച്ചത്. കടലിന്‍െറ ഭൂരിഭാഗത്തിനും മേലുള്ള ആധിപത്യം ചൈന ഉന്നയിച്ചുവരുകയാണ്. ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ എതിര്‍പ്പുമായും രംഗത്തുണ്ട്. യു.എന്നിന്‍െറ പിന്തുണയുള്ള പെര്‍മനന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ജൂലൈ 12ന് പുറപ്പെടുവിച്ച വിധിയിലൂടെ ഫിലിപ്പീന്‍സ് ചൈനക്കുമേല്‍ വിജയം നേടിയിരുന്നു.

അതിര്‍ത്തി നിര്‍ണയം വേണമെന്നും ചൈന ഇന്‍റര്‍നാഷനല്‍ മാരിടൈം നിയമം പാലിക്കണമെന്നുമായിരുന്നു ഫിലിപ്പീന്‍സും വിയറ്റ്നാമും ഉന്നയിച്ചത്. എന്നാല്‍, ട്രൈബ്യൂണല്‍ വിധി പക്ഷപാതപരമാണെന്നും ഇതംഗീകരിക്കാനാവില്ളെന്നും പറഞ്ഞ് ചൈന തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ഫിലിപ്പീന്‍സുമായി നേരിട്ടുള്ള ചര്‍ച്ചയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.