കാമറണ്‍ പടിയിറങ്ങി; ഊഷ്മള യാത്രയയപ്പ്

ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ കണ്ട് രാജി സമര്‍പ്പിക്കുന്നതിനു മുമ്പേ പ്രധാനമന്ത്രി ഡേവിഡ് കാമറണിന് പാര്‍ലമെന്‍റ് അംഗങ്ങള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. സഭ ആദരസൂചകമായി എഴുന്നേറ്റു നിന്ന്  അഭിവാദ്യങ്ങള്‍ നേര്‍ന്നു. തിരക്കുകളും ജനക്കൂട്ടത്തിന്‍െറ ആരവങ്ങളും എനിക്ക് നഷ്ടമാവുകയാണ്. പ്രതിപക്ഷത്തിന്‍െറ വിമര്‍ശ ശരങ്ങളും എനിക്ക് നഷ്ടമാകുന്നു. ഞാന്‍ പിന്‍ബെഞ്ചുകാരനായി ഇനി തുടരും. എങ്കിലും, ഇതേരീതികള്‍ ഇനിയും  നിലനില്‍ക്കണമെന്നാണ് ആഗ്രഹം’ -കാമറണ്‍ പുഞ്ചിരിയോടെ സഭാംഗങ്ങളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ ലേബര്‍ നേതാവ് കോര്‍ബിനെ പ്രതിപക്ഷത്തുതന്നെ നിര്‍ത്താന്‍ വോട്ടര്‍മാര്‍ തന്‍െറ  സഹായം തേടിയെന്ന നര്‍മോക്തിയോടെ അംഗങ്ങളെ അഭിവാദ്യംചെയ്ത കാമറണിന്‍െറ  മികച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് കോര്‍ബിന്‍ മറുപടി നല്‍കി.

പ്രധാനമന്ത്രിയെന്ന നിലയില്‍  അവസാനമായി നടന്ന ചോദ്യോത്തര ചടങ്ങില്‍ മറുപടിക്കുവേണ്ടി 5500ല്‍പരം ചോദ്യങ്ങള്‍ ലഭിച്ചിരുന്നു. താങ്കള്‍ക്ക് ‘ടോപ് ഗിയര്‍’ അവതാരകനാകാമെന്ന നിര്‍ദേശത്തോട് പ്രതികരിക്കെ പ്രധാനമന്ത്രിമാരെക്കാള്‍ ദുഷ്കരമായ ജോലിയാണ് അവതാരകരുടേത് എന്നായിരുന്നു മറുപടി.‘താന്‍ എന്നും കാമറണിനെ എതിര്‍ത്തിരുന്നുവെങ്കിലും ശൈഖ് അമീറിനെ ഗ്വണ്ടാനമോ തടവറയില്‍നിന്ന് മോചിപ്പിച്ചത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്‍െറ നേട്ടങ്ങളെ അനുമോദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കോര്‍ബിന്‍ ചടങ്ങില്‍ വ്യക്തമാക്കി.

പുതിയ പ്രധാനമന്ത്രി  തെരേസ മേയെ ഊഷ്മളമായി അഭിവാദ്യം ചെയ്തശേഷം കാറില്‍ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് തിരിച്ച  ഈ കണ്‍സര്‍വേറ്റിവ് കക്ഷിയുടെ നായകന്‍ എലിസബത്ത് രാജ്ഞിക്കു മുമ്പാകെ രാജിക്കത്ത് നേരിട്ട് സമര്‍പ്പിച്ചതോടെ തന്‍െറ രാഷ്ട്രീയ ജീവിതത്തിന്‍െറ നിര്‍ണായകമായ ഒരധ്യായത്തിന് സമാപനം കുറിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.