?????? ???????? ???????????????? ??????? ???????? ????? ???????????? ?????? ???? ??????? ??????????????????

തുർക്കിയിൽ സൈനിക അട്ടിമറി ശ്രമം പരാജയപ്പെടുത്തി; മരണം 265 ആയി

അങ്കാറ: തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ അട്ടിമറി നീക്കം ഏകദേശം ആറ് മണിക്കൂറിനു ശേഷമാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്‍റിന്‍െറ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സൈന്യവും നടത്തിയ ഇടപെടലിലാണ് ശ്രമം പാളിയത്. ഏറ്റുമുട്ടലില്‍ 104 വിമതസൈനികരും 47 സിവിലിയന്മാരുമടക്കം 265 പേര്‍ കൊല്ലപ്പെട്ടു.

അട്ടിമറിയില്‍ പങ്കെടുത്ത 2839 വിമത സൈനികരെ കസ്റ്റഡിയിലെടുത്തതായും 700 പേര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയതായും പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം അറിയിച്ചു. അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനിക ജനറലും കൊല്ലപ്പെട്ടിട്ടുണ്ട്. 1440 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്‍്റലിജന്‍്റ്സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത് .രാജ്യത്തെ പ്രധാന നഗരങ്ങളായ ഇസ്തംബൂളിലെയും അങ്കാറയിലെയും പാലങ്ങളും റോഡുകളും പിടിച്ചെടുത്ത് തന്ത്രപ്രധാന സ്ഥലങ്ങളില്‍ വിമതസൈന്യം നിലയുറപ്പിക്കുകയും ചെയ്തു. വിവരം പുറത്തുവന്ന ഉടന്‍ ഫേസ്ടൈം എന്ന ഐഫോണ്‍ ആപ്ളിക്കേഷനിലൂടെ ജനങ്ങളോട് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. ഇതോടെ ഇസ്തംബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴിയിലും തെരുവിലും വാഹനങ്ങളില്‍ ജനം ഒഴുകിയത്തെി. സര്‍ക്കാര്‍ അനുകൂല സൈന്യം ഇന്‍റലിജന്‍സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ വിമതസൈനികരെ എതിരിടാന്‍ ജനങ്ങളും സൈന്യത്തോടൊപ്പം ചേര്‍ന്നു.  അട്ടിമറിക്കെതിരെ രംഗത്തുവന്ന ജനങ്ങള്‍ക്കു നേരെ വിമതസൈന്യം നടത്തിയ വെടിവെപ്പിലാണ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ഏകദേശം ആറു മണിക്കൂറിനു ശേഷം സാഹചര്യം നിയന്ത്രണ വിധേയമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ ഇസ്തംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തിലത്തെിയ ഉര്‍ദുഗാനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. തുര്‍ക്കിയിലെ പ്രസിദ്ധമായ ബോസ്ഫറസ് പാലത്തില്‍ നിലയുറപ്പിച്ച വിമതര്‍ ആയുധംവെച്ച് കീഴടങ്ങുന്നത് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. അങ്കാറയിലെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു നേരെയും പാര്‍ലമെന്‍റ് കെട്ടിടത്തിനു നേരെയും ആക്രമണങ്ങളുണ്ടായി. സൈനിക മേധാവി ഹുലുസി അകാറിനെയും വിമതര്‍ ബന്ദിയാക്കിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ സൈന്യം മോചിപ്പിച്ചു.

വിമത സൈനികരുടെ പ്രവർത്തി രാജ്യദ്രോഹമാണെന്നും അതിനവർ വലിയ വില നൽകേണ്ടി വരുമെന്നും പ്രസിഡൻറ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ക്കിയില്‍ സമാധാന സമിതി രൂപികരിച്ചതായും പട്ടാള നിയമം നടപ്പാക്കിയതായും പ്രഖ്യാപിച്ച സൈന്യം രാജ്യത്ത് കര്‍ഫ്യൂ നടപ്പാക്കിയതായും അറിയിക്കുകയായിരുന്നു. സൈനികതലത്തിലുള്ള പീസ് കൗണ്‍സിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഈ സമയത്ത് പ്രസിഡൻറ് ഉര്‍ദുഗാന്‍ അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. ഉർദുഗാൻ അനുകൂല സൈന്യം ഇന്‍റലിജന്‍റ്സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു.

അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി എയർലൈൻസിന്‍റെ 925 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ അധികൃതർ റദ്ദാക്കി. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ 444 0 849 എന്ന നമ്പറിൽ വിളിക്കുകയോ www.turkishairlines.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

 

 

 

 


 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.