സര്‍ക്കാറിനെ അനുകൂലിച്ച് തുര്‍ക്കിയില്‍ ഭരണ-പ്രതിപക്ഷ റാലി

അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം ജനകീയ ഇടപെടലിലൂടെ വിഫലമാക്കിയ ശേഷം, പ്രസിഡന്‍റ് ഉര്‍ദുഗാന്‍െറ നേതൃത്വത്തിലുള്ള നടപടികള്‍ക്ക് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണ. കഴിഞ്ഞദിവസം, ഇസ്തംബൂളിലെ തക്സീം ചത്വരത്തില്‍ ഉര്‍ദുഗാനെ പിന്തുണച്ച് നടന്ന റാലിയില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിയുടെയും മുഖ്യപ്രതിപക്ഷമായ സി.എച്ച്.പിയുടെയും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
രാജ്യത്ത് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയശേഷം, ഉര്‍ദുഗാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ ചര്‍ച്ചക്കു ക്ഷണിച്ചതിനു തൊട്ടുപിന്നാലെയാണ് കൂറ്റന്‍ റാലിക്ക് രാജ്യം സാക്ഷ്യംവഹിച്ചത്. എന്നാല്‍, അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിനു പിന്നാലെ സൈനിക ഉദ്യോഗസ്ഥരടക്കം പതിനായിരത്തിലധികം പേരെ ജയിലിലടച്ച സംഭവത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി വിമര്‍ശിച്ചു.

ജൂണ്‍ 15ലെ പട്ടാള അട്ടിമറി ശ്രമത്തിനുശേഷം, ഇതാദ്യമായാണ് രാജ്യത്ത് ഭരണ-പ്രതിപക്ഷത്തിന്‍െറ സംയുക്ത റാലി നടക്കുന്നത്. ‘റിപ്പബ്ളിക് ആന്‍ഡ് ഡെമോക്രസി’ റാലിയെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷ നേതാവ് കമാല്‍ ഖിലീഷ്ദര്‍ ഒഗ്ലുവും എത്തിയിരുന്നു. അദ്ദേഹത്തിന്‍െറ മണിക്കൂര്‍ നീണ്ട പ്രസംഗം സര്‍ക്കാര്‍ അനുകൂല ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. ‘എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. സൈനിക അട്ടിമറിക്കും ഏകാധിപത്യ ഭരണത്തിനുമെതിരെ ജനങ്ങളുടെ ശബ്ദമുയരേണ്ട സമയമാണിത്’ -അദ്ദേഹം പറഞ്ഞു. സി.എച്ച്.പിയാണ് റാലിക്ക് ആഹ്വാനം ചെയ്തത്. റാലിയെ പിന്തുണച്ച് പിന്നീട് അക് പാര്‍ട്ടിയും രംഗത്തത്തെുകയായിരുന്നു.

അതിനിടെ, പുതിയ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് ചര്‍ച്ചചെയ്യാന്‍ ഉര്‍ദുഗാന്‍ പ്രമുഖ കക്ഷി നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഓരോ പാര്‍ട്ടിക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാകും ഇത്. അക് പാര്‍ട്ടിക്കു പുറമെ, സി.എച്ച്.പിയെയും നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടിയെയുമാണ് (എം.എച്ച്.പി) ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് താറുമാറായ വിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി 20,000 പുതിയ അധ്യാപകരെ നിയമിക്കുമെന്ന്  ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് കരുതുന്ന ഫത്തഹുല്ല ഗുലന്‍െറ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടപ്പിച്ചിരുന്നു.

അതേസമയം, നടപടിയുടെ ഭാഗമായി നടത്തിയ കൂട്ട അറസ്റ്റിനെ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തടവിലാക്കപ്പെട്ടവര്‍ ക്രൂരമായ മര്‍ദനത്തിനിരയായതിന്‍െറ തെളിവുകള്‍ ലഭിച്ചുവെന്ന് തിങ്കളാഴ്ച ആംനസ്റ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കുറ്റം വ്യക്തമാക്കാതെയാണ് പല അറസ്റ്റും നടന്നതെന്നും പലര്‍ക്കും ഭക്ഷണംപോലും നിഷേധിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു. 800ഓളം പട്ടാളക്കാരെ അങ്കാറയിലെ പൊലീസ് ആസ്ഥാനത്തുള്ള സ്പോര്‍ട്സ് ഹാളിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരില്‍ 300 പേരെങ്കിലും മര്‍ദനത്തിനിരയായെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.

നേരത്തെ, ഉര്‍ദുഗാന്‍െറ നടപടിക്കെതിരെ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തത്തെിയിരുന്നു. അതിനിടെ, 42 മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇവര്‍ക്ക് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍ പാര്‍ലമെന്‍റംഗവും മാധ്യമ നിരൂപകനുമായ നാസ്ലി ഇലിസാക്കിനും വാറന്‍റ് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.