നാദിര്‍ഷ

ഇനി കുറച്ച് സീരിയസാവാം

സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഏത് രീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടും

ചിരിപ്പിക്കാനറിയുന്നവര്‍ എഴുതുന്ന കഥകളില്‍ നര്‍മം അരങ്ങുവാഴുന്ന കാഴ്ച പതിവാണ്. പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവര്‍ക്കുള്ള കഴിവ് പ്രശംസനീയവും. കുടുകുടെ ചിരിപ്പിച്ച ഒട്ടനവധി തിരക്കഥകൾ മലയാള സിനിമയിൽ നെയ്‌തെടുത്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും നാദിർഷയും ഒരുമിച്ചാൽ പ്രേക്ഷകരുടെ പ്രതീക്ഷ വളരെ വലുതാകും.

എന്നാല്‍, മുഴുനീള കോമഡി ​ജോണറുകളില്‍നിന്ന് ഹാസ്യസാമ്രാട്ടുകളുടെ ത്രില്ലര്‍ പരിവേഷത്തിലേക്കുള്ള കാല്‍വെപ്പാണ് ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’. സംവിധായകന്‍ നാദിര്‍ഷ സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്നു.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി

‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഒരു മുഴുനീള കോമഡി ചിത്രമല്ല. റാഫി-നാദിര്‍ഷ കൂട്ടുകെട്ടെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുക ‘തെങ്കാശിപ്പട്ടണം’, ‘പഞ്ചാബി ഹൗസ്’, ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ പോലുള്ള ചിരിപ്പിക്കുന്ന സിനിമകളാണ്.

എന്നാല്‍ ഈ സിനിമ അങ്ങനെയൊന്നല്ല. മാറിക്കൊണ്ടിരിക്കുന്ന കഥാവൃത്തങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു സിനിമ ഒരുക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ ഭാഗമാണ് ഈ സിനിമ. തമാശയി​െല്ലന്നല്ല, അതിനേക്കാളുപരി ഒരു ത്രില്ലര്‍ മൂഡിലാണ് പടം. മുഴുനീള തമാശ പ്രതീക്ഷിക്കരുത്, യൂത്തിനെ പ്രതിനിധാനം ചെയ്താണ് കഥ. കുടുംബ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.

ആരാണ് മാറ്റം ആഗ്രഹിക്കാത്തത്!

പലതരം ജോണറിലുള്ള സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്നയാളാണ് ഞാന്‍. എന്നാൽ, പ്രേക്ഷകർ എന്നില്‍നിന്ന് കോമഡി സിനിമകളാണ് പ്രതീക്ഷിക്കുന്നത്. അത് ബ്രേക്ക് ചെയ്തു വരിക എന്നത് പെട്ടെന്ന് സാധ്യമാകില്ല. ഘട്ടംഘട്ടമായി അത് സാധ്യമാക്കാനാണ് ശ്രമം. അതിന്റെ തുടക്കമായാണ് ‘ഈശോ’ ചെയ്തത്. എന്നാൽ, എന്റെ അടുത്ത രണ്ട് സിനിമകള്‍ കോമഡി എന്റർടെയ്നറാകും.

ഞാനെവിടെയും വീണിട്ടില്ല

നാദിര്‍ഷയുടെ തിരിച്ചുവരവാണ് ഈ സിനിമ എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത്, എന്റെ ഏഴാമത്തെ സിനിമയാണ് ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’. പലരും ഇപ്പോഴും പറഞ്ഞുനടക്കുന്നത് ഞാനെടുത്ത ചില സിനിമകൾ പരാജയമാണെന്നാണ്. എന്നാല്‍, യാഥാർഥ്യം അതല്ല. ഞാനെടുത്ത എല്ലാ സിനിമകളും നിർമാതാക്കൾക്ക് ലാഭമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

സിനിമ പ്രമേയം

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന ചില പ്രവണതകളെ പ്രതിനിധാനം ചെയ്യുന്ന കഥയാണ് ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ സിനിമയിലേത്. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണര്‍ന്ന് സജീവമായിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്.

മയക്കുമരുന്നു പോലുള്ള തെറ്റായ കാര്യങ്ങളിലും ഇരുട്ടിന്റെ മറവിലുമാകും അധികവും നടക്കുക. യാദൃച്ഛികമായി ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നായകനും നായികയും മറ്റു ചില പ്രധാന കഥാപാത്രങ്ങളും ഉള്‍പ്പെട്ടുപോവുന്നതാണ് പ്രമേയം.

റാഫി-നാദിര്‍ഷ കൂട്ടുകെട്ട്

റാഫിക്ക എന്റെ സീനിയറാണ്. ഞാന്‍ ജൂനിയറായി മത്സരിച്ചിരുന്ന വേദിയിലൊക്കെ സീനിയറായി മത്സരിക്കാന്‍ അക്കാലത്ത് റാഫിക്കയും ഉണ്ടായിരുന്നു. റാഫിക്ക പിന്നീട് സിനിമയിലേക്ക് വന്നു. ഞാന്‍ മിമിക്രി രംഗത്തേക്കും. ഈ കഥയുമായി റാഫിക്ക ആദ്യം സമീപിച്ചത് മറ്റൊരു സംവിധായകനെയായിരുന്നു. ആ സംവിധായകന്‍ തന്നെയാണ് എന്നെ സജസ്റ്റ് ചെയ്തത്.

പുതുമുഖ പരീക്ഷണം

‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന സിനിമയിലേക്ക് വിഷ്ണുവിനെ പുതുമുഖ നായകനായി കൊണ്ടുവരുന്നത് ഞാനാണ്. മുബീൻ എന്ന പുതുമുഖ നടനെ ഈ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതും ഞാന്‍ തന്നെയാണ്. ഒരിക്കല്‍ റാഫിക്കയുടെ സിനിമാസെറ്റില്‍ വെച്ചാണ് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന മുബീനെ ഞാന്‍ കാണുന്നത്. അവനെ അഭിനയിപ്പിക്കാത്തത് എന്താണെന്ന് അന്ന് റാഫിക്കയോട് ചോദിക്കുകയും ചെയ്തിരുന്നു.

നിങ്ങളൊക്കെ അല്ലേ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാറ് എന്ന് തമാശയായി അദ്ദേഹം പറഞ്ഞിരുന്നു. റാഫിക്കയുടെ മകനായതുകൊണ്ട് പറയുകയല്ല. മുബീനില്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി എന്തോ ഒന്ന് അന്നേ കാണാന്‍ പറ്റിയിരുന്നു. അന്ന് റാഫിക്ക പറഞ്ഞതുപോലെ ഇന്നവനെയൊരു നായകനാക്കി സിനിമ ചെയ്തു.

നല്ല കഴിവുള്ളവരാണ് മലയാള സിനിമയിലെ യുവനിര. മുബീനടക്കം നല്ല ഡെഡിക്കേഷനും ആത്മാര്‍ഥതയുമുള്ളവരാണ്. സിനിമയെ പഠിച്ചാണ് യുവാക്കള്‍ വരുന്നത്. പുതിയ പിള്ളേരെല്ലാം കിടിലമാണ് എന്നുതന്നെ പറയാം.

പ്രവാസികളുടെ നാദിര്‍ഷ

എന്നെയും അബിയെയും ദിലീപിനെയും ഹരിശ്രീ അശോകനെയുമെല്ലാം ആളുകൾ അറിഞ്ഞു തുടങ്ങിയത് ഗള്‍ഫ് പ്രവാസികള്‍ കാരണമാണെന്നാണ് ഞാൻ പറയുക. അക്കാലത്ത് അവിടങ്ങളിലെ പ്രധാന വിനോദം ഞങ്ങളുടെ മിമിക്രിയും പാരഡി പാട്ടുകളുമടങ്ങിയ കാസറ്റുകളുമായിരുന്നു. അത് കണ്ട് കണ്ട് ആളുകൾക്ക് ഞങ്ങളുടെ മുഖവും ശബ്ദവുമൊക്കെ പരിചയമായി തുടങ്ങി. പിന്നീട് പരിപാടികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടു. നാളെ ഞങ്ങളൊക്കെ സിനിമാ

നടന്മാരാവുമെന്ന് കരുതിയോ മറ്റോ ആയിരുന്നില്ല അവര്‍ അതൊക്കെ ചെയ്തിരുന്നത്. ഞങ്ങളുടെ വളര്‍ച്ചയുടെ വലിയ പങ്ക് പ്രവാസികള്‍ക്കുകൂടി അവകാശപ്പെട്ടതാണ്.

വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ സിനിമ

‘അമര്‍ അക്ബര്‍ അന്തോണി’യുടെ രണ്ടാം ഭാഗത്തിന് ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിനായി നടന്മാരുടെ ഡേറ്റ് വാങ്ങുന്നതും സമയം കണ്ടെത്തുന്നതുമാണ് നിലവിലെ ബുദ്ധിമുട്ടുകളിലൊന്ന്. സാഹചര്യങ്ങളെല്ലാം ഒത്തുവന്നാല്‍ തീര്‍ച്ചയായും അത് സംഭവിക്കും.

റിവ്യൂ വിവാദങ്ങള്‍

സിനിമാ റിവ്യൂകൾ സിനിമകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്, ബാധിക്കില്ല എന്ന് ആരു പറഞ്ഞാലും അത് തെറ്റാണ്. റിവ്യൂകള്‍ കണ്ടാണ് ഇന്ന് പലരും സിനിമ കാണാൻ തിയറ്ററില്‍ പോണോ വേണ്ടയോ എന്നുപോലും തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയ വിപുലമായ ഈ കാലത്ത് സിനിമ ഇറങ്ങി മിനിറ്റുകള്‍ക്കകം അതിന്റെ റിവ്യൂ എന്ന പേരിൽ അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്.

സിനിമ കാണാന്‍ പോകുന്നവരോട് ഒരു റിക്വസ്റ്റുണ്ട്. ഇത് ഏതുരീതിയിലുള്ള സിനിമയാണെന്ന് ട്രെയിലര്‍ കണ്ടോ പോസ്റ്റര്‍ കണ്ടോ മുൻധാരണയുണ്ടാക്കരുത്. മുന്‍ വിധിയില്ലാതെ കണ്ടാല്‍ തീര്‍ച്ചയായും സിനിമകള്‍ ഇഷ്ടപ്പെടും.

Tags:    
News Summary - Interview with nadirsha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.