അബൂദബി: തോൽവിയുടെ വക്കിൽ നിന്നും എങ്ങനെ ജയത്തിലേക്കെത്താമെന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തെളിയിച്ചു. 167 റൺസെന്ന താരതമ്യേന ദുർബലമായ സ്കോർ ചെറുത്ത് െകാൽക്കത്ത ശക്തരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസിെൻറ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.
മുന്നേറ്റനിരയും മധ്യനിരയും തകർന്നടിഞ്ഞപ്പോൾ ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച രാഹുൽ ത്രിപതിയുടെ (51 പന്തിൽ 81) വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കൊൽക്കത്ത 167 റൺസിലെത്തിയത്. ഷെയ്ൻ വാട്സെൻറയും (50) അമ്പാട്ടി രായുഡുവിെൻറയും (30) മികവിൽ ചെന്നൈ അനായാസം ജയത്തിലെത്തുമെന്ന് തോന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊൽക്കത്ത മത്സരം വരുതിയിലാക്കുകയായിരുന്നു.
അവസാന ഓവറിൽ ജയിക്കാൻ 26 റൺസ് വേണ്ടിയിരുന്നു ചെന്നൈക്ക് 15 റൺസെടുക്കാനാണ് സാധിച്ചത്. സ്കോർ: കൊൽക്കത്ത 167 (20 ഓവർ) ചെന്നൈ 157/5. ത്രിപതിയാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയൻറുമായി കൊൽക്കത്ത മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. നാല് പോയൻറുമായി ചെന്നൈ അഞ്ചാമതാണ്.
ടോസ് നേടിയ കൊൽക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ് ടോസ് നേടിയ ശേഷം കൊൽക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. 2015 സീസണിലായിരുന്നു അവസാനം കൊൽക്കത്ത ടോസ് നേടി ആദ്യം പാഡുകെട്ടി ഇറങ്ങിയത്. 69 മത്സരങ്ങളാണ് ശേഷം ടീം ടോസ് നേടിയ ശേഷം ബൗളിങ് തെരഞ്ഞെടുത്തത്.
കൊൽക്കത്ത മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോൾ ചെന്നൈ പിയൂഷ് ചൗളക്ക് പകരം കരൺ ശർമയെ കൊണ്ടുവന്നു. നിരന്തര വിമർശനങ്ങളെ തുടർന്ന് ബാറ്റിങ് ഓർഡറിൽ മാറ്റങ്ങൾ വരുത്തിയാണ് കെ.കെ.ആർ ഇന്നിങ്സ് ആരംഭിച്ചത്. സുനിൽ നരെയ്ന് പകരം ഓപണറായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾത്രിപതി കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്തു.
സ്കോർ 37ൽ എത്തി നിൽക്കേ കൊൽക്കത്തക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത ശുഭ്മാൻ ഗിൽ ശർദുൽ ഠാക്കൂറിെൻറ പന്തിൽ ധോണിക്ക് ക്യാച് സമ്മാനിച്ച് മടങ്ങി. കൊൽക്കത്ത നിരയിൽ സ്ഥിരത പുലർത്തിയിരുന്ന നിതീഷ് റാണയുടേയായിരുന്നു അടുത്ത ഊഴം. സ്കോർ 70ലെത്തി നിൽക്കേ റാണ മടങ്ങി. ശർമക്കായിരുന്നു വിക്കറ്റ്. ഇതിനിടെ ഒരുവശത്ത് ഉറച്ച് നിന്ന് ത്രിപതി അഞ്ചാം ഐ.പി.എൽ ഫിഫ്റ്റിയടിച്ചു. 31 പന്തിൽ നിന്നായിരുന്നു അർധശതകം.
ഓയിൻ മോർഗനും, ആന്ദ്രേ റസലിനും മുന്നേ സുനിൽ നരെയ്നെ കാർത്തിക്ക് ക്രീസിലേക്കയച്ചെങ്കിലും ഇക്കുറിയും കരീബിയൻ താരം പ്രതീക്ഷ കാത്തില്ല. 9 പന്തിൽ നിന്ന് 17 റൺസുമായി ഉടൻ ഡഗ്ഔട്ടിൽ തിരിച്ചെത്തി. രവീന്ദ്ര ജദേജയും ഫാഫ് ഡുപ്ലെസിസും ചേർന്നെടുത്ത മികച്ച ക്യാചിലൂടെയായിരുന്നു പുറത്താകൽ.
വെടിക്കെട്ട് വീരൻമാരായ മോർഗനെയും (7) റസലിനെയും (2) മടക്കി സാം കറനും ഠാക്കൂറും കൊൽക്കത്തക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി. ധോണിയുടെ ഗ്ലൗസിനുള്ളിലായിരുന്നു ഇരുവരുടെയും അന്ത്യം.
15.2 ഓവർ പിന്നിടുേമ്പാൾ കൊൽക്കത്ത അഞ്ചിന് 128 റൺസെന്ന നിലയിലായി. 51 പന്തിൽ 81 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ത്രിപതിയെ ഡ്വൈൻ ബ്രാവോ പുറത്താക്കി. എട്ട് ബൗണ്ടറികളും മൂന്ന് സികസുകളും അടങ്ങുന്നതായിരുന്നു ത്രിപതിയുടെ മനോഹരമായ ഇന്നിങ്സ്. കാർത്തിക്ക് (12) ഒരിക്കൽ കൂടി ബാറ്റിങ്ങിൽ പരാജയമായി. കമലേഷ് നാഗർകോട്ടിയും ശിവം മാവിയും പൂജ്യത്തിന് പുറത്തായി. 9 പന്തിൽ നിന്നും 17 റൺസുമായി പാറ്റ് കമ്മിൻസ് പുറത്താകാതെ നിന്നു.
ഇതിനിടെ ഐ.പി.എൽ ചരിത്രത്തിൽ 150 വിക്കറ്റ് തികക്കുന്ന അഞ്ചാമത്തെ ബൗളറെന്ന നാഴികക്കല്ല് ബ്രാവോ പിന്നിട്ടു.
പഞ്ചാബിനെതിരായ മത്സരത്തിൽ നിർത്തിയ ഇടത്ത് നിന്ന് തുടങ്ങാനായിരുന്നു ചെന്നൈ ഓപണർമാരായ ഷെയ്ൻ വാട്സെൻറയും ഫാഫ് ഡുപ്ലെസിസിെൻറയും ചിന്ത. എന്നാൽ വ്യക്തിഗത സ്കോർ 17ലെത്തി നിൽക്കേ ഡുെപസിസിനെ ശിവം മാവി പുറത്താക്കി. വിക്കറ്റിന് പിന്നിൽ കാർത്തിക്കിന് ക്യാച്. മൂന്നാമനായി അമ്പാട്ടി രായുഡു വാട്സണ് ഒത്ത കൂട്ടുകാരനായി. ഇരുവരും ചേർന്ന് 5.3ഓവറിൽ സ്കോർ 50 കടത്തി. 10 ഓവർ അവസാനിച്ചപ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 90 റൺസ്. രായുഡുവിനെ പുറത്താക്കി നാഗർകോട്ടിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിക്ക് പിന്നാലെ വാട്സൺ മടങ്ങി. വാട്സണെ വിക്കറ്റിന് മുന്നിൽ കുടുക്കി നരെയ്ൻ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. അതേ സമയം തന്നെ റൺറേറ്റ് താഴ്ന്ന് ആസ്കിങ് റേറ്റ് കൂടിക്കൊണ്ടിരുന്നു. മത്സരം ഫിനിഷ് ചെയ്യാനായി ക്രീസിലെത്തിയ 'തല'ധോണിയെ (11) ക്ലീൻ ബൗൾഡാക്കി വരുൺ ചക്രവർത്തി തെൻറ ജീവിതത്തിലെ അവിസ്മരണീയ വിക്കറ്റുകളിൽ ഒന്ന് ആഘോഷിച്ചു.
വെറും അഞ്ച് റൺസും മാത്രം വിട്ടുകൊടുത്ത ചക്രവർത്തി ധോണിയുടെ വിക്കറ്റും സ്വന്തമാക്കി. 18ാം ഓവറിൽ സാം കറനെയും (17) നരെയ്ൻ തന്നെ മടക്കി. കേദാർ ജാദവ് ക്രീസിലെത്തുേമ്പാൾ ചെന്നൈക്ക് ജയിക്കാൻ 21 പന്തിൽ നിന്നും 39 റൺസ് മാത്രം മതിയായിരുന്നു. എന്നാൽ താരം 12 പന്തിൽ നേടിയത് വെറും ഏഴ് റൺസ്. ചെന്നൈ തോറ്റതാകട്ടെ 10 റൺസിനും. നിർണായകമായ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകൾ ജാദവ് നഷ്ടപ്പെടുത്തി. റസൽ എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം രവീന്ദ്ര ജദേജ () 14 റൺസ് അടിച്ചു കൂട്ടിയെങ്കിലും ജയിക്കാൻ അത് പോരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.