മുണ്ടക്കൈ: നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളായ പത്തിലധികം പേരെ കാണാതായ വേദനക്കിടയിലും വിശ്രമമില്ലാതെ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ഉറ്റവർക്ക് ആശ്രയമാവുക വഴി കേരളത്തിന്റെ സ്നേഹാദരവ് നേടിയ മേപ്പാടി സ്വദേശിനി ഷൈജ ബേബിക്ക് ലഭിച്ചത് സമർപ്പണത്തിനുള്ള അംഗീകാരം. സംസ്ഥാനത്തെ മികച്ച സാമൂഹ്യ സേവനത്തിന് ആശാ വർക്കർക്കുള്ള കേരളശ്രീ പുരസ്കാരമാണ് ഷൈജ ബേബിയെ തേടിയെത്തിയത്.
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് കേരള പുരസ്കാരം.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മോര്‍ച്ചറിയിലെത്തിയ മൃതദേഹങ്ങളില്‍ നൂറോളം പേരെ തിരിച്ചറിഞ്ഞത് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും 15 വര്‍ഷമായി മുണ്ടക്കൈയില്‍ ആശാവര്‍ക്കറുമായ ഷൈജയാണ്. ചൂരല്‍മലയിലെ ഏതാണ്ട് മുഴുവന്‍ ആളുകളെയും ഇവർക്ക് നന്നായി അറിയാമെന്നത് കൊണ്ടുതന്നെ ദുരന്തം നടന്ന ആദ്യ മണിക്കൂറുകള്‍ മുതല്‍ ദുരന്തത്തില്‍ മരിച്ച ഓരോ മനുഷ്യരെയും തിരിച്ചറിയുന്നതിന് അധികൃതര്‍ സഹായം തേടിയത് ഷൈജയോടായിരുന്നു.
2019 ലെ ഉരുൾ പൊട്ടലിനെ തുടർന്ന് മേപ്പാടിയിലേക്ക് താമസം മാറിയതാണ് ഷൈജ. രണ്ട് മലയിടിച്ചിലുകളിൽ നിന്ന് രക്ഷപ്പെട്ടതാണ് ഷൈജ. ഇത്തവണ കുടുംബത്തിലെ ഒൻപത് പേരെയാണ് ഷൈജക്ക് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.