തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വിലയുടെ മുഴുവൻ കുടിശികയും അടിയന്തരമായി കൊടുത്തു തീർക്കാൻ അടിയന്തര നടപടിക്ക് നിർദേശം. കർഷകർക്ക് വില നൽകുന്നതിലുണ്ടായ കാലതാമസം ചർച്ച ചെയ്ത മന്ത്രിസഭ യോഗം തുടർനടപടികൾക്ക് മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, പി. പ്രസാദ്, വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി എന്നിവരങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തി.
മെയ് 16ന് ശേഷം സംഭരിച്ച നെല്ലിന്റെ വില വായ്പയായി കർഷകർക്ക് നൽകുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് അഡീഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം) ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തി. അടുത്ത സീസൺ മുതൽ സമയബന്ധിതമായി നെല്ലെടുക്കാനും വില യഥാസമയം തന്നെ വിതരണം ചെയ്യാനും വേണ്ട ക്രമീകരണങ്ങൾക്ക് മുൻകൂട്ടി നടപടി സ്വീകരിക്കാനും സമിതി യോഗം നിർദേശം നൽകി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപ അനുവദിക്കും. ജൂൺ 11നാണ് നിഹാല്‍ തെരുവുനായ് ആക്രമണത്തില്‍ മരിച്ചത്.
മറ്റു തീരുമാനങ്ങൾ
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തും. ഗസറ്റഡ് ഉദ്യോഗസ്ഥന്/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 2021 ഒക്ടോബർ ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലും നിയമത്തില്‍, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുള്ളവ ഒഴിക്കും. മറ്റുള്ളവ സ്വയം സാക്ഷ്യപ്പെടുത്താം.
ബിവറേജസ് കോര്‍പറേഷനില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാൻ അനുമതി നൽകി
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്കരിക്കും
കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എന്‍വയണ്‍മെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 ല്‍നിന്ന് 56 വയസ്സാക്കി ഉയര്‍ത്തും.
കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപ ചെലവില്‍ രണ്ടാമത്തെ ഐ.ടി കെട്ടിടം നിർമിക്കുന്നതിന് അനുമതി നല്കി. ഇതില്‍ 100 കോടി രൂപ കിഫ്ബി ഫണ്ടില്‍നിന്നാണ്.
മലപ്പുറം ഏറനാട് താലൂക്കില്‍ അറയിലകത്ത് വീട്ടില്‍ ഹാറൂണിന്റെ മകന് ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തില്‍ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് റീ ഇംബേഴ്സ് ചെയ്ത് നല്‍കും. സന്ധിവാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഷഹീന്റെ തുടർ ചികിത്സക്ക് നടപടി സ്വീകരിക്കുവാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.