100 കോടി സഹായമെത്തി; കെ.എസ്.ആർ.ടി.സി ശമ്പളവിതരണം പൂർത്തിയായി

തിരുവനന്തപുരം: സർക്കാർ ധനസഹായമായ 100 കോടി അക്കൗണ്ടിലെത്തിയതോടെ കെ.എസ്.ആർ.ടി.സിയിൽ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നത് പൂർത്തിയായി. സ്പാർക്ക് വഴി ശമ്പളവിതരണത്തിനുള്ള ക്രമീകരണങ്ങളെല്ലാം ഉച്ചയോടെ പൂർത്തിയാക്കിയിരുന്നു. ട്രഷറി അക്കൗണ്ടിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് രാത്രി വൈകി പണമെത്തിയതോടെയാണ് വിതരണം തുടങ്ങിയത്. അതേസമയം ഉത്രാടത്തലേന്നായ ചൊവ്വാഴ്ച രാവിലെ മാത്രമേ പണമെത്തൂവെന്ന ചിന്തയിലായിരുന്നു ജീവനക്കാർ. വിശേഷിച്ചും രണ്ടുമാസത്തെ കുടിശ്ശിക കിട്ടാനുള്ള സാഹചര്യത്തിൽ.

സാങ്കേതിക നടപടിക്രമങ്ങളാണ് വൈകലിന് കാരണമെന്ന് മാനേജ്മെന്‍റ് വിശദീകരിച്ചിരുന്നെങ്കിലും ജീവനക്കാരെ സംബന്ധിച്ച് വൈകൽ കനത്ത ആശങ്കയുടേത് കൂടിയായിരുന്നു. രാത്രിയോടെ പണമെത്തിത്തുടങ്ങിയതോടെ ആശ്വാസമായി. സർക്കാർ നൽകിയ 100 കോടിക്കൊപ്പം കെ.എസ്.ആർ.ടി.സി കലക്ഷൻ ഇനത്തിൽ മിച്ചം പിടിച്ച തുകകൂടി ഉപയോഗിച്ചാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള വിതരണം പൂർത്തിയാക്കുക. എന്നാൽ, പണമില്ലാത്തതിനാൽ ഓണം ബോണസോ അഡ്വാൻസോ നൽകാനാകില്ലെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.

യൂനിയനുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കുമെന്ന കൃത്യമായ ഉപാധിയിലാണ് കെ.എസ്.ആർ.ടി.സിക്ക് 100 കോടി ധനസഹായം അനുവദിച്ചതെന്ന കാര്യം അടിവരയിട്ടാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്. 100 കോടി അനുവദിച്ചുള്ള സർക്കാർ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച വൈകീട്ടുതന്നെ ക്ലസ്റ്റർ ഓഫിസർമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ മൂന്നു മാസംകൊണ്ട് ഘട്ടം ഘട്ടമായി സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് തൊഴിലാളി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചക്ക് പിന്നാലെ ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.

12 മണിക്കൂര്‍വരെ ഉള്‍പ്പെടെയുള്ള സിംഗ്ള്‍ ഡ്യൂട്ടി സമ്പ്രദായം ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ആഴ്ചയില്‍ ആറുദിവസത്തേക്കും ബാധകമായിരിക്കും. ഇതുവഴി 600 മുതല്‍ 800 വരെ ബസുകള്‍ പ്രതിദിനം ഓപറേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഏകദേശം 20 മുതല്‍ 25 കോടി രൂപവരെ പ്രതിമാസം അധിക വരുമാനം ഉണ്ടാകും.

Tags:    
News Summary - 100 crore aid has arrived; KSRTC Salary Disbursement Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.