ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി; ‘ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല’

കോഴിക്കോട്: വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് വന്നത്. ഇക്കാര്യത്തിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്.

വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. അത് വസ്തുതയാണ്. കൂടുതൽ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജില്‍ എ.കെ.ജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതി. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞത്. സയണിസ്റ്റുകളുടെ കൂടെ ആണ് ആർ.എസ്.എസും ബി.ജെ.പിയുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്‍റെ പഴയ നിലപാടിൽ വെള്ളം ചേർത്തു. ഇത് അമേരിക്കയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഞങ്ങൾ ഇത് പറയുമ്പോൾ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കൽ അല്ല.

നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. പൊലീസ് നടപടികള്‍ ശക്തമായി തുടരും. നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. ഇതിന്‍റെ താല്‍പ്പര്യം എന്തെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാണ്. സി.പി.എമ്മിന് അതിന്‍റേതായ സംഘടന രീതിയുണ്ട്. ഗൂഢലക്ഷ്യമുള്ളവർക്ക് ആ വഴിക്ക് സഞ്ചരിക്കാം. വർഗീയ അജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാനാണിപ്പോൾ ശ്രമം. മലപ്പുറത്തെ മതനിരപേക്ഷ മനസ് ശക്തമാണ്. വർഗീയ ശക്തികളുടെ പിന്തുണയുണ്ട് എന്നതുകൊണ്ട് നാക്ക് വാടകക്ക് എടുത്ത് എന്തും വിളിച്ച് പറയുന്നവരുടെത് വ്യാമോഹം മാത്രമാണ്.ഒരു വർഗീയ ശക്തിയോടും ഞങ്ങൾക്ക് വിട്ടു വീഴ്ച ഇ​ല്ലയെന്നും മുഖ്യമന്ത്രി. 

Tags:    
News Summary - Chief Minister reacts to controversial interview in Hindu newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.