തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാനുള്ള ഗസ്റ്റ് അധ്യാപകരെ( അസി. പ്രഫസർ ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യുബോർഡിന്റെ ചെയർമാൻ ഡി.വൈ.എഫ്.ഐ നേതാവെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ.എസ്.ഷിജുഖാനാണ് ബോർഡിന്റെ ചെയർമാൻ.
കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിണ്ടിക്കേറ്റ് യോഗമാണ് യു.ജി.സി ചട്ടപ്രകാരം വി.സി നിർദേശിച്ച സിൻഡിക്കേറ്റ് അംഗവും, സി.പി.എം അധ്യാപക സംഘടന അംഗവുമായ സീനിയർ വനിതാ പ്രഫസറെ ഒഴിവാക്കി ഷിജുഖാനെ ഇന്റർവ്യൂ ബോർഡ് ചെയർമാനായി തീരുമാനിച്ചത്. ഇടത് അധ്യാപക സംഘടനയിൽ പെട്ട ഏതാനും അധ്യാപകരെ ഇന്റർവ്യൂ ബോർഡ് അംഗങ്ങളായും ഉൾപ്പെടുത്തി.
കേരള സർവകലാശാല ക്യാമ്പസിൽ നേരിട്ട് നടത്തുന്ന ബിരുദ കോഴ്സിന്റെ പരീക്ഷകളുടെ നടത്തിപ്പിന്റെയും, ചോദ്യപേപ്പർ തയാറാക്കുന്നതിന്റെയും, ഇന്റേണൽ മാർക്ക് നൽകുന്നതിന്റെയും, മൂല്യനിർണയത്തിന്റെയും പൂർണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകർക്കാണ്. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി അധ്യാപക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുവാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും, യൂ.ജി.സി വ്യവസ്ഥ പ്രകാരം കമ്മിറ്റി രൂപീകരിക്കാൻ വി.സി ക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
യൂ.ജി.സി നിബന്ധന പ്രകാരം വി.സി യോ,10 വർഷം പ്രഫസർ പദവിയിലുള്ള വി.സി ചുമതലപ്പെടുത്തുന്ന അധ്യാപകനോ ആയിരിക്കണം ഇൻറർവ്യൂ ബോർഡിൻറെ ചെയർമാൻ. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യൂ.ജി.സി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിൽ വി.സി ക്ക് പകരം പി.വി.സിയാണ് ഇന്റർവ്യൂ ബോർഡിൽ അധ്യക്ഷനാവുക.
എന്നാൽ ഇപ്പോൾ പി.വി.സി പദവി ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ, വി.സി യോ വി.സി ചുമതലപെടുത്തുന്ന സീനിയർ പ്രഫസറോ സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ അധ്യക്ഷത വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സർവകലാശാലയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. അനധ്യാപകരായ സിണ്ടിക്കേറ്റ് അംഗങ്ങൾ ഇന്റർവ്യൂബോർഡിൽ പങ്കെടുക്കുന്നത് യൂ.ജി.സി വിലക്കിയിട്ടുമുണ്ട്.
യാതൊരു അധ്യാപനപരിചയമില്ലാത്ത ഒരാൾ അധ്യാപകരുടെ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിലാണ് സർക്കാർ സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്. രാഷ്ട്രീയം നോക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുള്ളത്. നിയമിക്കപെടുന്നവർക്ക് പുതിയ നാലു വർഷ ബിരുദ കോഴ്സിന്റെ ബാച്ച് പൂർത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപക പരിചയം ഭാവിയിൽ റെഗുലർ നിയമനത്തിനുള്ള മുൻപരിചയമായി കണക്കിലെടുക്കാനുമാവും. ഇപ്പോൾ 12 ഒഴിവുകളിലേക്കാണ് നിയമനമെങ്കിലും നാല് വർഷത്തിനുള്ളിൽ 50 ഓളം പേരെ നിയമിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.