തൊടുപുഴ: 2023ലെ ബജറ്റിൽ അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച 100 കോടി അടിയന്തരമായി സ്ഥലമെടുപ്പിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാനും ഡീൻ കുര്യാക്കോസും ആന്റോ ആന്റണിയും സംയുക്തമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി.
25 വർഷം മുമ്പ് പദ്ധതിക്കുവേണ്ടി കല്ലിട്ട് തിരിച്ച കാലടി മുതൽ രാമപുരംവരെ സ്ഥലമുടമകൾക്ക് വിതരണം ചെയ്യാൻ 2023ലെ കേന്ദ്ര ബജറ്റിൽ പദ്ധതിക്ക് അനുവദിച്ച 100 കോടി റവന്യൂ വകുപ്പിന് കൈമാറണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
264 കോടി മുടക്കി നിർമിച്ച റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവും സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്നും എം.പിമാർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ചെലവ് പങ്കുവെക്കാൻ തയാറായതും റെയിൽവേ പരിഗണിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
അങ്കമാലി-എരുമേലി ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചത് റെയിൽവേ ബോർഡിന്റെ പരിഗണയിലാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
തൊടുപുഴ: മുൻ സർക്കാറിന്റെ കാലത്ത് തത്ത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അനുമതി നൽകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി. 12ഓളം പദ്ധതികൾ ഈ വിധത്തിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ തത്ത്വത്തിൽ അനുമതി ലഭിച്ച പദ്ധതികളിൽ വിജയപുരം-ഊന്നുകൽ പദ്ധതിയും പഴനി-ശബരിമലയും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആലുവ-മൂന്നാർ പദ്ധതിയും ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. തീർത്തും വ്യത്യസ്തമായ മൂന്ന് മേഖലയിലൂടെയാണ് പ്രസ്തുത റോഡുകൾ കടന്നുപോകുന്നത്.
പദ്ധതികളുടെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അഭ്യർഥിച്ചു. എന്നാൽ, ഈ സർക്കാറിന്റെ കാലത്ത് ഒരു പദ്ധതിക്കും പുതിയതായി ദേശീയപാത അംഗീകാരം നൽകിയിട്ടില്ലെന്നും നയപരമായി വ്യത്യസ്തമായ തീരുമാനം കൈക്കൊള്ളുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.