തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി. വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെഎസ്ആടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന് എം.ഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയത്. ഇടപാടുകൾ നടന്ന ഫയലുകൾ കാണിനില്ലെന്ന ഗുരുതര ആരോപണവും ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറഞ്ഞ വെളിപ്പെടുത്തലിലുണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ഗതാഗതമന്ത്രി ആന്‍റണി രാജു മുഖ്യമന്ത്രിക്ക് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യുകയായിരുന്നു.
യു.ഡി.എഫ് ഭരണകാലത്തെ 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും കെ.എസ്.ആർ.ടി.സി സൂക്ഷിച്ചിട്ടില്ല. ക്രമക്കേടിന്‍റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവീസിലുണ്ട്. ഒരാൾ പിരിഞ്ഞുപോവുകയും രണ്ടുപേർ മറ്റ് വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിലുമാണ്. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.