തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൽസവബത്ത 1000 രൂപ

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉൽസവബത്തയായി നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക.

സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ

ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം - കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.

കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

ഓണം ബോണസ്-ബത്ത ചെലവായി സര്‍ക്കാരിന് 220 കോടി രൂപ നീക്കിവെക്കേണ്ടിവരും. 98900 ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് ലഭിക്കും. 35000 രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് 4000 രൂപ ബോണസിന് അര്‍ഹതയുണ്ടാകും. ഇതിന് ആകെ 39.5 കോടി രൂപയാണ് ചെലവ്.

4.10 ലക്ഷം ജീവനക്കാര്‍ക്ക് ഉത്സവ ബത്ത ലഭിക്കും. ഇതിനായി 113 കോടി രൂപയാണ് ചെലവ്. പെന്‍ഷന്‍കാര്‍ക്ക് ഉത്സവ ബത്തയ്ക്ക് ചെലവ് 56.5 കോടി രൂപയാണ്. അഡ്വാന്‍സ് അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാകും അനുവദിക്കുന്നത്.

Tags:    
News Summary - 1000 bonus for guaranteed employment workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.