പാലക്കാട്: ഉത്സവ സീസൺ ആരംഭിച്ചതോടെ സംസ്ഥാനത്തെ നാട്ടാനകൾക്ക് കഷ്ടകാലം. സീസൺ ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴേക്കും 11 നാട്ടാനകളാണ് ചെരിഞ്ഞത്. അമിത ജോലിയെടുപ്പിക്കലും കൃത്യമായ പരിചരണവും ലഭിക്കാത്തതാണ് മിക്ക ആനകളും ചെരിയാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒമ്പത് കൊമ്പന്മാരും രണ്ട് പിടിയാനകളുമാണ് ചെരിഞ്ഞത്. ഇക്കാലയളവിൽ ആനകളുടെ ആക്രമണത്തിൽ മൂന്ന് പാപ്പാന്മാരും കൊല്ലപ്പെട്ടു. 178 ആനകളാണ് ഇടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടാനകളുടെ ശരാശരി ആയുർദൈർഘ്യം 80 ആണെന്നിരിക്കെ ചെരിഞ്ഞ ആനകൾക്കൊന്നും 50 വയസ്സ് പിന്നിട്ടിരുന്നില്ല.
കഴിഞ്ഞ ബുധനാഴ്ച പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം ഉത്രത്തിൽകാവ് ക്ഷേത്രത്തിലേക്ക് ഗുരുവായൂരിൽനിന്ന് കൊണ്ടുവന്ന ശേഷാദ്രി എന്ന ആന ഇടഞ്ഞോടി കിണറ്റിൽവീണ് ചെരിഞ്ഞിരുന്നു. തിരുവമ്പാടി ശിവസുന്ദർ എന്ന പ്രശസ്ത ആന ചെരിഞ്ഞത് മാർച്ച് 11നാണ്. 46 ആയിരുന്നു പ്രായം. ഫെബ്രുവരി 12ന് എരുമേലിയിൽ ഉത്സവത്തിനിടെ ഇടഞ്ഞോടിയ കണ്ണമത്ത് ദേവദത്തൻ (33) ഉടമസ്ഥെൻറ വീട്ടിലെത്തിയപ്പോഴേക്കും തളർന്നുവീണ് ചെരിഞ്ഞു. കുന്നംകുളത്ത് ശിവൻ (17), വൈലാശ്ശേരി കേശവൻ (46), ചെളിപ്പറമ്പിൽ അയ്യപ്പൻ (42), കൊടുമൺ ദീപു എന്ന പുത്തൻകുളം ചന്ദ്രശേഖരൻ (44), മംഗലാംകുന്ന് ചന്ദ്രശേഖരൻ (44), നെയ്യാറ്റിൻകര കണ്ണൻ (22) എന്നീ ആനകളാണ് ചുരുങ്ങിയ ദിവസങ്ങളിൽ ചെരിഞ്ഞത്. മൂന്നാറിൽ രണ്ട് പിടിയാനകളും ചെരിഞ്ഞു. തൃശൂരിലാണ് കൂടുതൽ. ഉത്സവങ്ങൾക്കിടയിൽ ആനകൾക്ക് 12 മണിക്കൂർ വിശ്രമം നൽകണമെന്ന ചട്ടം പലപ്പോഴും ലംഘിക്കപ്പെടുന്നു. കൊടുംചൂടിൽ ഒരിടത്തുനിന്ന് മറ്റിടത്തേക്ക് വിശ്രമമില്ലാതെയാണ് ആനകളെ എഴുന്നള്ളിക്കാനായി കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.