എ.കെ. ശശീന്ദ്രൻ, പി.സി. ചാക്കോ, തോമസ് കെ. തോമസ് 

മന്ത്രിസ്ഥാനം വെച്ചുമാറുന്നതിൽ എൻ.സി.പിയിൽ ഭിന്നത രൂക്ഷം; നേതാക്കൾ ശരത് പവാറിനെ കാണും

തിരുവനന്തപുരം: മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് എൻ.സി.പി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. മന്ത്രിസ്ഥാനം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും ഉയർത്തുന്നുണ്ട്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നല്‍കാനാണ് എന്‍.സി.പി തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ ഭിന്നത മൂര്‍ച്ഛിച്ചത്.

മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് പി.സി. ചാക്കോ ജില്ല പ്രസിഡന്‍റുമാരുടെ പിന്തുണ തേടിയിരുന്നു. ഭൂരിഭാഗം ജില്ലാ പ്രസിഡന്‍റുമാരും മന്ത്രിമാറ്റത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് തോമസ് കെ. തോമസ് എം.എല്‍.എ മന്ത്രിയാകുമെന്ന് ഉറപ്പായത്. എന്നാൽ, മന്ത്രിസ്ഥാനം വിട്ടുനൽകുന്നതിൽ എ.കെ. ശശീന്ദ്രൻ എതിർപ്പുന്നയിക്കുകയായിരുന്നു. അനുനയത്തിനായി പാര്‍ട്ടി നിയോഗിച്ച നാലംഗ സമിതിയോടാണ് ശശീന്ദ്രന്‍ എതിര്‍പ്പ് അറിയിച്ചത്.

മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതിന് തടയിടാന്‍ ശശീന്ദ്രന്‍ വിഭാഗത്തിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ആഴ്ച ശരത് പവാറിനെ കണ്ടിരുന്നു. മന്ത്രിസ്ഥാന മാറ്റത്തില്‍ അന്തിമ തീരുമാനം ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് കൈക്കൊള്ളേണ്ടത്. ശരത് പവാറിനെ കാണുന്നതിനായി തോമസ് കെ. തോമസ് എം.എല്‍.എ ഇന്ന് മുംബൈയിലേക്ക് പോകും. പി.സി. ചാക്കോയും പവാറിനെ കാണുന്നതിനായി പോകുന്നുണ്ട്. എന്നാല്‍ ശശീന്ദ്രന്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

നേരത്തെ, എന്‍.സി.പിയുടെ മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ രണ്ടര വര്‍ഷം തോമസ് കെ. തോമസിന് നല്‍കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ. തോമസ് പക്ഷം വാദിക്കുന്നത്. എന്നാല്‍ ആ ധാരണ ഇല്ല എന്ന മറുവാദത്തിലാണ് എ.കെ. ശശീന്ദ്രന്‍ പക്ഷം. 

Tags:    
News Summary - AK Saseendran disagree with minister post changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.