പാലക്കാട്: ആറുമാസത്തിനിടെ ജില്ലയില്‍നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 11.51 കോടി രൂപ. രജിസ്റ്റര്‍ ചെയ്ത 177 സൈബര്‍ ക്രൈം കേസുകളില്‍ 161 എണ്ണം സാമ്പത്തിക തട്ടിപ്പിലുള്പ്പെട്ടവയാണ്. 11,51,95,611 രൂപ കവര്ന്നതില്നിന്ന് ആകെ വീണ്ടെടുക്കാനായത് 22 ലക്ഷം രൂപ മാത്രം.
കേസിലിതുവരെ 29 പേരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായവരില്‍ സ്ത്രീകളും അധ്യാപകരും സൈനികസേവനത്തില്‍നിന്ന് വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍. 2022ല്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 19 എണ്ണം സാമ്പത്തിക തട്ടിപ്പായിരുന്നു. ആകെ നഷ്ടമായത് 94,72,594 രൂപയും.
എന്നാല്‍, 2023ല്‍ 231 കേസുകളിലായി 8,71,71735 രൂപയാണ് ഇരകളില്‍നിന്ന് തട്ടിയത്. ഇതില്‍ 115 കേസുകള്‍ സാമ്പത്തിക തട്ടിപ്പാണ്. നിലവില്‍ വ്യാജ പൊലീസ് ഓഫിസര്‍ ചമഞ്ഞും വ്യാജ നിക്ഷേപം, ട്രേഡിങ് തുടങ്ങിയ തട്ടിപ്പുകളും വര്‍ധിച്ചു. വ്യാജ പൊലീസ് ഓഫിസര്‍ ചമഞ്ഞുള്ള നാലുകേസുകളാണ് ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്തത്.
വ്യാജ നിക്ഷേപവുമായി 101 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിങ്, പാർട്ട് ടൈം ജോലി ചെയ്തോ വന്‍തുക ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് ഇരകള്‍ക്ക് തുടക്കത്തില്‍ ചെറിയ ലാഭം നല്കി പിന്നീട് വന്‍തുക തട്ടിയെടുക്കുകയാണ് പതിവ്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകളും വ്യാപകമാണ്.
ജില്ലയില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമേ സൈബർ ക്രൈം പോർട്ടൽ വഴി രജിസ്റ്റര്‍ ചെയ്തത് 1733 പരാതികളാണ്. ഇരകള്‍ക്ക് നഷ്ടപ്പെട്ട 92,13,389 രൂപയില്‍നിന്ന് 5,48, 048 രൂപ വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം 2007 കേസുകളിലായി 3,72,37265 രൂപ നഷ്ടപ്പെട്ടതില്‍ 22,57,668 രൂപയാണ് വീണ്ടെടുത്തത്. ജൂണ്‍ ആറിന് പാലക്കാട് സ്വദേശിക്ക് 63 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
വാട്സ്ആപ്, ടെലിഗ്രാം വഴി ഇരയെ ബന്ധപ്പെടുകയും ഓണ്‍ലൈന്‍ വഴി ട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പ്രതികള്‍ നല്കിയ ലിങ്ക് വഴി പരാതിക്കാര്‍ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ലാഭവിഹിതം ലഭിച്ചതോടെ വന്‍ തുക നിക്ഷേപിക്കുകയും അത് പിന്‍വലിക്കാന്‍ കഴിയാതെ വരുകയുമായിരുന്നു.
പൊലീസ്, കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ യൂനിഫോമിലുള്ള വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് വിഡിയോ കോള്‍ തട്ടിപ്പ് നടത്തുന്നതെന്നും ഇത്തരം വിളികളോ സന്ദേശങ്ങളോ കിട്ടിയാല്‍ ഉടന്‍ നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ (എന്‍സിആര്‍പി)ടോള്‍ ഫീ നമ്പറായ 1930 ലോ, WWW.cybercrime.gov.in സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.