തിരുവനന്തപുരം: ക്ഷേമപെൻഷനും ജീവനക്കാരുടെ ക്ഷാമബത്തയുമുൾപ്പെടെ മുടങ്ങി സംസ്ഥാനം രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ രാജ്ഭവനിൽ കളപ്പുര നിർമിക്കാൻ എട്ടു ലക്ഷം രൂപക്ക് ധനവകുപ്പിന്റെ അനുമതി.
കേന്ദ്രത്തിൽനിന്ന് കൂടുതൽ വിഹിതം ലഭിക്കണമെന്ന ആവശ്യവുമായി ഉന്നത കോടതിയെ സമീപിച്ച സര്‍ക്കാർ ശീതസമരത്തിലുള്ള കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ്ഖാന്റെ വസതി മോടിപിടിപ്പിക്കാനും മറ്റുമായി കോടികളാണ് ചെലവിടുന്നത്. രാജ്ഭവനിലെ പൂന്തോട്ട പരിപാലനത്തിന് ഈ മാസം19ന് രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു പിന്നാലെയാണ് പോട്ടിങ് ഷെഡ് (കളപ്പുര) നിർമിക്കാന്‍ 8.43 ലക്ഷം രൂപ കൂടി അനുവദിച്ചത്. വിത്തുകളും ഉപകരണങ്ങളും സൂക്ഷിക്കാനാണ് ഷെഡ് പണിയുന്നത്.
മാര്‍ച്ച് ഒന്നായിരുന്നു ടെൻഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗവര്‍ണര്‍- മുഖ്യമന്ത്രി തര്‍ക്കത്തിന് മഞ്ഞുരുകിയതോടെ ഖജനാവില്‍നിന്ന് രാജ്ഭവനിലേക്ക് ലക്ഷങ്ങളാണ് അനുവദിക്കുന്നത്. ലൈഫ് മിഷന് വീടിനായി ഒമ്പതു ലക്ഷം പേര് ക്യൂ നില്‍ക്കുമ്പോഴാണ് ഗവര്‍ണര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നത്.
പൂന്തോട്ട പരിപാലനത്തിനായി ബജറ്റിൽ വകയിരുത്തിയ 3.5 ലക്ഷം രൂപക്ക് പുറമെ, രാജ്ഭവൻ രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 19ന് ഈ തുക അനുവദിച്ചതിനു പിന്നാലെയാണ് കളപ്പുരക്കുള്ള തുക കൂടി പാസാക്കിയത്. ഇതോടെ രാജ്ഭവനിലെ പൂന്തോട്ട പരിപാലന ചെലവ് 5.5 ലക്ഷമായി. ഗവർണറുടെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണിക്ക് ബജറ്റിൽ വകയിരുത്തിയ തുകയിൽനിന്നാണ് പൂന്തോട്ട പരിപാലനത്തിന് ധനപുനർവിനിയോഗത്തിലൂടെ അധിക തുക അനുവദിച്ചത്.
ധനവകുപ്പ് ധനപുനർവിനിയോഗം കർശനമായി വിലക്കിയശേഷമാണ് ഈ നടപടി. രാജ്ഭവനിലെ ആട്ടിൻകൂട്, കോഴിക്കൂട് പരിപാലനത്തിനായി 3.24 ലക്ഷം രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ 43 ലക്ഷം രൂപയാണ് നടപ്പ് ബജറ്റിൽ അധികമായി വകയിരുത്തിയത്. 2023-24ൽ 12.52 കോടിയായിരുന്നത് 12.95 കോടിയായി. ഗാർഹിക ചെലവ്, വൈദ്യ സഹായം, സഞ്ചാര ചെലവുകൾ, രാജ്ഭവനിലെ ശമ്പളം എന്നീ ഇനങ്ങളിലാണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വകയിരുത്തിയത്.
- ഗവർണറുടെ ശമ്പളം - 42 ലക്ഷം
- ഗവർണർക്ക് ഇഷ്ടാനുസാരം ചെലവഴിക്കാൻ - 25 ലക്ഷം
- ഗാർഹിക ചെലവ്- 4.21 കോടി
- വൈദ്യസഹായം - 50.62 ലക്ഷം
- മനോരഞ്ജന (എൻടർടൈൻമെന്റ്) ചെലവ് - രണ്ടു ലക്ഷം
- കരാർ ചെലവ്- 10 ലക്ഷം
- സഞ്ചാര ചെലവ് - 13 ലക്ഷം
- രാജ്ഭവനിലെ ജീവനക്കാരുടെ ശമ്പളം - 7.31 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.