മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽനിന്ന് 1.36 കോടി രൂപയുടെ സ്വർണം പിടിച്ചു. കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2164 ഗ്രാം സ്വർണം പിടിച്ചത്.
ചൊവ്വാഴ്ച പുലർച്ച ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഗിരീഷിൽനിന്ന് 75 ലക്ഷം വിലവരുന്ന 1200 ഗ്രാം സ്വർണം പിടിച്ചു. സ്വർണ ബിസ്കറ്റുകൾ ട്രോളിബാഗിന്റെ പിടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശി സിയാദിൽനിന്ന് 43 ലക്ഷം രൂപയുടെ 679 ഗ്രാം സ്വർണമാണ് പിടിച്ചത്. സ്വർണമിശ്രിതം ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദലിയിൽനിന്ന് 18 ലക്ഷം രൂപവരുന്ന 285 ഗ്രാം സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ജീൻസ് പാന്റ്സിന്റെ ഉൾഭാഗത്ത് തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് അസി. കമീഷണർ പി.സി. ചാക്കോ, സൂപ്രണ്ടുമാരായ സൂരജ്കുമാർ, ദീപക് കുമാർ, എസ്. പ്രണയ്, ഇൻസ്പെക്ടർമാരായ സജിത ജെന്നി, രവി രഞ്ജൻ, നിതേഷ്, ഹവിൽദാർ പെർത്തമ്പരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.