കൊച്ചി: സംസ്ഥാനത്ത് അതിക്രമങ്ങൾക്കും മറ്റു ക്രൂരതകൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വനിത ശിശുവികസന വകുപ്പ് നേതൃത്വത്തിൽ വിതരണം ചെയ്യുന്ന ആശ്വാസ നിധി പദ്ധതിയിലൂടെ ഇതുവരെ നൽകിയത് 10.17 കോടി. പദ്ധതി ആരംഭിച്ച 2018-19 വർഷം മുതൽ കഴിഞ്ഞ ആഗസ്റ്റ് ഒന്നുവരെ 1384 പേർക്കാണ് ആശ്വാസനിധി സാന്ത്വനമായത്. 25,000 മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് വിവിധ തരം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്നതെന്ന് വിവരാവകാശരേഖയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. 2021-22 വർഷത്തിലാണ് ഏറ്റവുമധികം തുക പദ്ധതിയിലൂടെ വിതരണം ചെയ്തത്. 472 ഇരകൾക്കായി 3.78 കോടിയാണ് ഈ കാലയളവിൽ നൽകിയത്.
പോക്സോ നിയമത്തിനു കീഴിൽ വരുന്ന ലൈംഗിക അതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, ജീവനഷ്ടം, ഗാർഹിക അതിക്രമത്തെ തുടർന്നുള്ള സാരമായ ശാരീരികമോ മാനസികമോ ആയ പരിക്ക്, മനുഷ്യക്കടത്തിന് ഇരയാകൽ, ആസിഡ് അക്രമണം, ബലാത്സംഗത്തിലൂടെ ഗർഭിണിയാകൽ, അംഗഭംഗം, അതിക്രമത്തിലൂടെ ഗർഭഛിദ്രമോ വന്ധ്യതയോ സംഭവിക്കൽ, പൊള്ളലേൽക്കൽ തുടങ്ങിയ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമാണ് വനിത ശിശു വികസന വകുപ്പ് തുക അനുവദിക്കുന്നതെന്ന് രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.