തിരുവനന്തപുരം: ആദ്യമായുള്ള കമ്പ്യൂട്ടർ അധിഷ്ഠിതമായുള്ള സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തിപ്പിന് എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ് കോളജുകളിലായി 14000 കമ്പ്യൂട്ടറുകൾ സജ്ജം. 60 എൻജിനീയറിങ് കോളജുകളിലായി 12,000വും ആർട്സ് സയൻസ് കോളജുകളിലായി രണ്ടായിരവും കമ്പ്യൂട്ടറുകൾ ലഭ്യമാണെന്നാണ് കോളജ് അധികാരികൾ പ്രവേശന പരീക്ഷ കമീഷണറെയും സാങ്കേതിക സഹായം ലഭ്യമാക്കുന്ന സി-ഡിറ്റിനെയും അറിയിച്ചത്. ശേഷിക്കുന്ന കോളജുകളിലെ വിവരം അറിയിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നിയന്ത്രണത്തിലുള്ള 1.35 ലക്ഷം ലാപ്ടോപ്പുകളിൽ ആവശ്യമായത്ര എണ്ണം, പരീക്ഷ നടത്തിപ്പിന് ലഭ്യമാക്കാൻ തയാറാണെന്ന് സി.ഇ.ഒ കെ. അൻവർ സാദത്തും അറിയിച്ചിട്ടുണ്ട്.
സൗകര്യം അറിയിച്ച കോളജുകളിലെ സംവിധാനങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രവേശന പരീക്ഷ കമീഷണർ സി-ഡിറ്റിന് നിർദേശം നൽകി. ശേഷിക്കുന്ന എൻജിനീയറിങ് കോളജുകളിലെ സൗകര്യം അറിയിക്കാൻ സാങ്കേതിക സർവകലാശാല രജിസ്ട്രാർ വഴി നിർദേശം നൽകിയിട്ടുമുണ്ട്.
4752 സ്കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 1,35,551 ലാപ്ടോപ്പുകൾ ലഭ്യമാണെന്നും ഇവ ആവശ്യാനുസൃതം പ്രവേശന പരീക്ഷാ നടത്തിപ്പിന് ഉപയോഗിക്കാമെന്നാണ് കൈറ്റ് അറിയിച്ചത്. 4752 സ്കൂളുകളിലായി നെറ്റ്വർക്ക് സൗകര്യമുള്ള 45,000 ക്ലാസ് മുറികളുണ്ട്. വ്യവസ്ഥകളോടെ സ്കൂളുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തിയെടുക്കാമെന്നും കൈറ്റ് സി.ഇ.ഒ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷകരുടെ എണ്ണം 1,22,740 ആയിരുന്നു. ഇത്രയും വിദ്യാർഥികൾക്കായി 246 കേന്ദ്രങ്ങളിലായി അഞ്ചു ദിവസംകൊണ്ട് പരീക്ഷ നടത്താം. ഒരേസമയം 24,600 ലാപ്ടോപ്പുകൾ ഇതിനായി ക്രമീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.