കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സി.പി.എം എം.എൽ.എ പി.വി അന്‍വര്‍. പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും ഉത്തരവാദിത്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്. ഏരിയാ സെക്രട്ടറിമാരടക്കം ഒരു വിഷയത്തിലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയെന്നും അൻവർ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്നും കുറഞ്ഞത് 1000 വോട്ട് പൊലീസ് നടപടി കൊണ്ട് പാര്‍ട്ടിക്ക് നഷ്‌പ്പെട്ടു. ഏകദേശം 15 ലക്ഷം വോട്ട് വരുമിത്. ഇത്രയും വോട്ടാണ് പി. ശശി യു.ഡി.എഫിന് വാങ്ങിക്കൊടുത്തത്. പൊതു വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത ഒരു ബാരിക്കേഡ് പൊലീസുണ്ടാക്കി. പൊലീസില്‍ മുഴുവന്‍ അരാജകത്വമാണ്. പൊലീസ് സ്റ്റേഷനില്‍ പ്രത്യേക മാഫിയ രൂപപ്പെടുന്നു. സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലമായി മാറി. ഇതിന് ഉത്തരവാദി പി. ശശിയാണെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പി. ശശിക്കാണ്. കുന്തമുന മുഖ്യമന്ത്രിയുടെ നെഞ്ചിലേക്ക് തിരിക്കാന്‍ നോക്കേണ്ട. അടിമയായ ഒരു ഐ.പി.എസുകാരന്‍ കേരളത്തിലുണ്ടാകുന്നതില്‍ രാഷ്ട്രീയക്കാരന് ഗുണമുണ്ടാകും. എന്നാല്‍ താന്‍ അത് ഉപയാഗിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കുകയല്ലേ ചെയ്തത്. എത്ര ഐ.പി.എസുകാരുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ഇവരൊന്നും ചെറിയ ആളുകളല്ല. പൂര്‍ണ ബോധ്യത്തോടെയാണ് ഈ പാര്‍ട്ടിക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.
ആരോപണങ്ങളില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞ ജനത്തിന് മുന്നിലേക്കാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വരുന്നത്. എല്ലാം നടക്കും എന്ന് തെളിഞ്ഞില്ലേ. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടു. അടുത്ത ഊഴം ആര്‍ക്കാണെന്ന് നോക്കാം. കാത്തിരുന്ന് കാണാം. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്നതൊന്നും അറിഞ്ഞിട്ടില്ല. അത് മുന്നില്‍ കണ്ടല്ല ആരോപണങ്ങള്‍. സത്യം പറഞ്ഞാല്‍ ഹൃദയം പൊളിച്ച് കാണിച്ചാലും അതല്ലെന്ന് പറയുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും അൻവർ ചൂണ്ടിക്കാട്ടി.
എന്റെ നിഘണ്ടുവില്‍ നിന്ന് നിരാശ, നന്ദികേട് എന്ന വാക്ക് വെട്ടിക്കളഞ്ഞിട്ട് കുറച്ചുകാലമായി. അപമാനം ആഘോഷമാക്കിയ ആളാണ് ഞാന്‍. പറഞ്ഞാല്‍ മനസ്സിലാവില്ല. പാര്‍ക്കുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ വന്നു. പത്രപ്രവര്‍ത്തകരോട് ഇതല്ല ശരിയെന്ന് വിശദീകരിച്ചപ്പോള്‍ വിശ്വസിച്ചില്ല. സത്യം ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്ന് അന്ന് വിശ്വസിച്ചു. മുഖ്യമന്ത്രിയിലും പാര്‍ട്ടിയിലും പ്രതീക്ഷയുണ്ട്. പാര്‍ട്ടിയുടെ ടൂളാണ് ഞാന്‍. സഖാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം. പാര്‍ട്ടിയുടെ അന്തസ് തിരിച്ചുവരണം. എനിക്കൊരു കാലിച്ചായ പോലും വേണ്ട. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിയെ നവീകരിക്കേണ്ട ഉത്തരവാദിത്തം ഇല്ലായെന്ന് പറയരുത്. പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്നയാളാണ് താന്‍.
സുജിത് ദാസ് സെന്‍ട്രല്‍ ജയിലിലേക്കാണ് പോകുന്നത്. തെളിവ് കൊടുക്കാനുള്ള പണിയിലാണ് ഞാന്‍. ഒരാളെയും അനങ്ങാന്‍ വിടില്ല. എസ്.പിയുമായുള്ള സംഭാഷണം ഇനിയും പുറത്തുവിടാനുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അതിന്റെ സമയമാകുമ്പോള്‍ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി കര്‍ശനമായ നിലപാടെടുക്കും എന്ന് ഉറപ്പാണ്. അന്‍വര്‍ പറഞ്ഞ കാര്യങ്ങളുടെ മഹത്വമാണ് പാര്‍ട്ടി ഉള്‍ക്കൊണ്ടത്. എഴുതിക്കൊടുക്കുന്നതും പറയുന്നതും എത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിക്കടുത്താണ്. ഒരുപാട് പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പരാജയപ്പെട്ടപ്പോഴാണ് പാര്‍ട്ടിയുടെയും ജനങ്ങളുടെയും സോഷ്യല്‍ ഓഡിറ്റിങ്ങിനെത്തിച്ചത്. എനിക്ക് ഇതില്‍ ഒരു പ്രതിഫലവും വേണ്ടെന്നും പി.വി. അന്‍വര്‍ ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.