തിരുവനന്തപുരം: ജനസേവനത്തിന്റെ സഫലമായ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മണ്ഡലത്തിലെ വികസനരേഖ പുറത്തിറക്കി ഡോ. ശശി തരൂര്‍ എം.പി. തുടര്‍ച്ചയായ മൂന്ന് പ്രാവശ്യം തിരുവനന്തപുരെത്ത ജനപ്രതിനിധിയെന്ന നിലയില്‍ 2009 മുതല്‍ 2024 വരെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടാണ് ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രകാശനം ചെയ്തത്.
15 വര്‍ഷക്കാലം ഒന്നും ചെയ്തിട്ടില്ലെന്ന എതിരാളികളുടെ ആരോപണത്തിന് മറുപടി കൂടിയായിരുന്നു ഈ പ്രോഗ്രസ് റിപ്പോര്‍ട്ട്. വികസനത്തിനൊപ്പം നിലപാട് കൂടി പറഞ്ഞ് വോട്ട് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ എം.പിയായ നാള് മുതല്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുപോലെ കഴക്കൂട്ടം-കാരോട് ദേശീയപാത 47ലെ അവശേഷിച്ചിരുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തിന്റെ എം.പിയെന്ന നിലയിലെ നേട്ടങ്ങളില്‍ ഏറെ സംതൃപ്തി നൽകിയതും ഈ വികസനപ്രവര്ത്തനമായിരുന്നു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാൻ എം.പിയെന്ന നിലയില്‍ പരിശ്രമം നടത്തി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ വികസനം, വിമാനത്താവളം, പ്രവാസികളുടെ പുനരധിവാസം, കോവിഡ് ദുരിതാശ്വാസ നടപടികള്‍, തീരദേശ സമൂഹങ്ങള്‍ക്കുവേണ്ടി നടത്തിയ സാമൂഹിക ഇടപെടലുകള്‍, എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ എണ്ണിപ്പറഞ്ഞു. വികസനരേഖയുടെ പകര്‍പ്പ് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. 2009ല്‍ മത്സരിക്കാന്‍ വന്ന അന്നുമുതലുള്ള ബന്ധമാണ് ശശി തരൂരുമായുള്ളതെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ഇന്ന് അദ്ദേഹം ഇരുത്തം വന്ന രാഷ്ട്രീയപ്രവര്ത്തകനായെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. 2009ന് മുമ്പ് വരെ കേരളത്തില്‍ ജീവിച്ചിട്ടില്ലാത്ത തരൂര്‍ അതിനുശേഷം ഇവിടത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഇടപെട്ട് അടിസ്ഥാനമേഖലയില്‍ വേണ്ട വികസന പ്രവര്‍ത്തനങ്ങൾ നടപ്പാക്കിയെന്നും അടൂര്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. നേതാക്കളായ മര്യാപുരം ശ്രീകുമാര്‍, ജി. സുബോധന്‍, ജി.എസ്. ബാബു, പി.കെ. വേണുഗോപാല്‍, ബീമാപള്ളി റഷീദ്, ആര്. സെല്‍വരാജ്, കെ. മോഹന്‍കുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍, വിനോദ് സെന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.