ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി 13 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിലെ പ്രതിക്ക് 15 വർഷവും 6 മാസവും കഠിനതടവും, 1,10,000 രൂപ പിഴ ശിക്ഷയും. വർക്കല രാമന്തളി സ്വദേശി സുനിൽകുമാറിനെയാണ് (45) ശിക്ഷ വിധിച്ച് കോടതി ഉത്തരവായത്.
ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്. 2010 മേയിലാണ് കേസിനാസ്പദമായ സംഭവം. 13 കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച സമയം പെട്ടെന്ന് പ്രതികരിച്ച പെൺകുട്ടി ശബ്ദമുയർത്തുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു.
തുടർന്നാണ് പെൺകുട്ടി തന്നെ രണ്ട് ദിവസം മുമ്പ് പ്രതി കഠിനമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന വിവരം പറയുന്നത്. പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് ബലാത്സംഗത്തിന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും കുറ്റകരമായ ഭീഷണിപ്പെടുത്തൽ നടത്തിയെന്ന കുറ്റത്തിന് ആറുമാസം കഠിനതടവുമാണ് കോടതി വിധിച്ചത്.
പോക്സോ നിയമം വരുന്നതിനും മുമ്പ് 2010ൽ നടന്ന കുറ്റകൃത്യം എന്നതിനാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കുറ്റകൃത്യങ്ങൾക്കാണ് പ്രതി വിചാരണ നേരിട്ടത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. വർക്കല സബ് ഇൻസ്‌പെക്ടറായിരുന്ന വിജയരാഘവൻ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി. അനിൽകുമാർ അന്വേഷണം നടത്തി ആർ. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.