കൊച്ചി: സർക്കാർ അഭിഭാഷകരുടെ വൻനിരതന്നെയുള്ളപ്പോൾ കേസുകൾ കൈകാര്യം ചെയ്യാൻ പുറമെനിന്ന് അഭിഭാഷകരെ എത്തിച്ച വകയിൽ സംസ്ഥാനത്തിന് ചെലവ് കോടികൾ. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം കഴിഞ്ഞ ആഗസ്റ്റ് വരെ ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകർക്ക് നൽകിയത് 7.25 കോടി രൂപയാണ്. ഹൈകോടതിയിൽ ഒൻപത്, സുപ്രീംകോടതിയിൽ 23 എന്നിങ്ങനെ അഭിഭാഷകരെയാണ് എത്തിച്ചത്.
ഹൈകോടതിയിലെ കേസുകൾക്കായി 2.32 കോടിയും സുപ്രീംകോടതിയിൽ 4.93 കോടിയുമാണ് ആവശ്യമായി വന്നത്. സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് 34.13 ലക്ഷം ഇനി കൊടുക്കാനുമുണ്ട്. അഞ്ച് ലക്ഷത്തിന് മേൽ ഫീസ് നൽകി 2021 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ ഹൈകോടതിയിൽ ഒരു കേസും സുപ്രീംകോടതിയിൽ 12 കേസുകളും പുറത്തുനിന്ന് അഭിഭാഷകരെ എത്തിച്ച് നടത്തി.
അഡ്വക്കേറ്റ് ജനറൽ, അഡീഷനൽ അഡ്വക്കേറ്റ് ജനറൽമാർ, സ്റ്റേറ്റ് അറ്റോർണി, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷനൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകർക്ക് പ്രതിമാസ ശമ്പള ഇനത്തിൽ 1.55 കോടി ചെലവഴിക്കുമ്പോഴാണ് അധിക ചെലവ്. 140ഓളം സർക്കാർ അഭിഭാഷകർ കേരളത്തിലുണ്ട്.
സോളാർ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച കേസിനെ എതിർക്കാൻ ഡൽഹിയിൽനിന്ന് രഞ്ജിത്ത് കുമാർ എന്ന അഭിഭാഷകനെ കൊണ്ടുവന്നത് വഴി 1.2 കോടി ചെലവായി. നിയമോപദേശത്തിന് 5.5 ലക്ഷവും ചെലവഴിച്ചു.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് അഡ്വക്കേറ്റ് ജനറൽ ഓഫിസിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകളുള്ളത്. സോളാർ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജൻ കമീഷന് 1.77 കോടിയും ചെലവഴിച്ചു.
ഒന്നാം പിണറായി സർക്കാർ 2021 ഏപ്രിൽ വരെ പുറമെനിന്നുള്ള അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്താൻ അഞ്ച് വർഷം കൊണ്ട് 17.87 കോടി ചെലവഴിച്ചിരുന്നു. ഇതിൽ കണ്ണൂരിലെ ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കുന്നത് എതിർക്കാൻ 98.81 ലക്ഷവും ചെലവാക്കിയിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 12.17 കോടിയും ചെലവഴിച്ചിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവും ഉയർന്ന തുക ഫീസ് നൽകിയത് ജയ്ദീപ് ഗുപ്ത എന്ന അഭിഭാഷകനാണ് -1.29 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.