പൊതുഗതാഗതത്തിൽ സ്ത്രീ സുരക്ഷക്ക് പ്രധാന പരിഗണന ആവശ്യമെന്ന് വിദഗ്ധർ

കൊച്ചി: പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാകണമെങ്കിൽ സ്ത്രീ സുരക്ഷക്ക് പ്രധാന പരിഗണന നൽകണമെന്ന് എറണാകുളത്ത് നടക്കുന്ന 15ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ വിദഗ്ധരുടെ നിർദേശം. അത്യാധുനിക സൗകര്യം ഏർപ്പെടുത്തുമ്പോഴും സ്ത്രീകൾ പൊതുഗതാഗതം പ്രയോജനപ്പെടുത്താത്തതിന് കാരണമെന്തെന്ന് ചിന്തിക്കണമെന്നും ഗതാഗത മേഖലയിലെ ലിംഗ സമത്വത്തെക്കുറിച്ച് നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു.

പൊതുഗതാഗതം കാര്യക്ഷമമാകണമെങ്കിൽ തൊഴിൽ മേഖലയിൽ ഉൾപ്പെടെ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ബംഗളൂരു നഗരഗതാഗത കമീഷണർ വി. മഞ്ജുള അഭിപ്രായപ്പെട്ടു. ഡൽഹിയിലെ നിർഭയ സംഭവവും ഹൈദരാബാദിലെ ഡോക്ടറുടെ കൊലപാതകവുമൊക്കെ മോശം അനുഭവങ്ങളായി നമുക്ക് മുന്നിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി, ബംഗളൂരു തുടങ്ങി നഗരങ്ങളിൽ ഏജൻസികൾ പഠനം നടത്തിയിരുന്നു. താൽപര്യമുണ്ടെങ്കിലും പൊതുഗതാഗതം സുരക്ഷിതമല്ലെന്നാണ് സ്ത്രീകൾ പ്രതികരിച്ചത്. വെളിച്ചമില്ലാത്ത തെരുവുകളും വൃത്തിയില്ലാത്ത പൊതുശൗചാലയങ്ങളും ജീവനക്കാരുടെ മോശം പെരുമാറ്റവുമൊക്കെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

ജി.ഐ.ഇസഡ് സാങ്കേതിക ഉപദേഷ്ടാവ് കൃഷ്ണദേശായി മോഡറേറ്ററായി. സേഫ്റ്റി പിൻ സംഘടന സി.ഇ.ഒ ഡോ. കൽപന വിശ്വനാഥ്, ഗ്രേറ്റർ ചെന്നൈ കോർപറേഷൻ ജെൻഡർ ആൻഡ് പോളിസി ലാബ് മേധാവി മീര സുന്ദരരാജൻ, ഡൽഹി ട്രാൻസ്പോർട്ട് സ്പെഷൽ കമീഷണർ ശിൽപ ഷിൺഡെ, ചലോ മൊബിലിറ്റി പ്രതിനിധി പ്രിയ സിങ്, ദീപ്തി മഹാപത്രോ എന്നിവർ സംസാരിച്ചു.

അടിസ്ഥാന ജനവിഭാഗങ്ങൾ മെട്രോപോലുള്ള സൗകര്യങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് 'അർബൻ ട്രാൻസ്പോർട്ട് ഗവേൺസ്' വിഷയത്തിലെ സെമിനാറിൽ അഭിപ്രായം ഉയർന്നു. ഐ.യു.ടി വൈസ് പ്രസിഡന്റ് പ്രഫ. പി.കെ. സർക്കാർ, ആഷിഷ് വർമ, ആദിത്യ പിട്ടാലെ, രോഹിത് സിങ് നിത്വാൽ, ആയുഷി ഷാ, ഗൗരഗ് ജോഷി, മിനാൽ ഷെട്ടി എന്നിവർ സംസാരിച്ചു. 'ബസ് ഗതാഗതത്തിലെ സുസ്ഥിര പൊതുസ്വകാര്യ പങ്കാളിത്തം', 'സ്മാർട്ട് മൊബിലിറ്റി പരിഹാരങ്ങളും മൊബിലിറ്റി സേവനവും' തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

'ഇന്ത്യൻ മെട്രോ സംവിധാനങ്ങളുടെ പൊതുപ്രശ്നങ്ങൾ' സെഷനിൽ കേന്ദ്ര നഗരകാര്യ മന്ത്രാലയം സ്പെഷൽ ഡ്യൂട്ടി ജയ്ദീപ് അധ്യക്ഷത വഹിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ, ഗതാഗതമന്ത്രി ആന്റണി രാജു, കേന്ദ്ര നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - 15th Urban Mobility India Conference in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.