കണ്ണൂർ: രാഹുൽ ഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ ജയിച്ചത് വർഗീയവാദികളുടെ പിന്തുണയോടെയെന്ന പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പരാമർശത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. പാർട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
“വിജയരാഘവൻ തെറ്റായി എന്തെങ്കിലും പറഞ്ഞെന്ന് കരുതുന്നില്ല. ഞാനും അവിടെയുണ്ടായിരുന്നു. കേരളത്തിലും വർഗീയവാദികൾ തലപൊക്കുന്നുണ്ട്. അത്തരം തീവ്രവാദ, വർഗീയ പ്രവർത്തനങ്ങൾ ഒരുതരത്തിലും കേരളത്തിൽ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദി ആയാലും മുസ്ലിം വർഗീയ വാദി ആയാലും അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുക. അതിന് യാതൊരു സംശയവുമില്ല.
വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കി തന്നെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള സാമുദായിക നേതാക്കൾ കേരളത്തിലെ കോൺഗ്രസിനെ കുറിച്ച് പറയുന്നത് കേൾക്കുന്നില്ലേ. പ്രതിപക്ഷ നേതാവും കോൺഗ്രസും അത്തരം കാര്യങ്ങൾ പറയട്ടെ” -പി.കെ. ശ്രീമതി പറഞ്ഞു.
“വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?
കേരളസർക്കാരിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്രസർക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാൻ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവർക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോൺഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡൽഹിയിലെത്തിയതും കേരളത്തിൽ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവൻ ആരോപിച്ചു.
ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തിൽ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവർത്തിക്കുന്ന, സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയിൽ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.