മംഗലപുരം: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി മുരുക്കുംപുഴയിൽ നടന്ന ലേലത്തിൽ സമരവാഴക്കുലക്ക് 17,150 രൂപ ലഭിച്ചു. ആവേശകരമായ കൂട്ടലേലത്തിൽ മുരുക്കുംപുഴ ചെറുകായൽക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ തുളസി വാഴക്കുല സ്വന്തമാക്കി. മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ലേലം ഉദ്ഘാടനം ചെയ്തു. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി സംസ്ഥാന രക്ഷാധികാരി കേശവ പ്രസാദ് അധ്യക്ഷനായി. സിറാജുദ്ദീൻ കരിച്ചാറ, ജില്ല കൺവീനർ എ. ഷൈജു, അഹമ്മദാലി, ആർ. കുമാർ, മംഗലപുരം മൻസൂർ, ജെ.എ. നൗഫൽ, ഹാഷിം, നസീറ സുലൈമാൻ, നസീർ തോപ്പുമുക്ക്, ജയമണി എസ്, ശശി പള്ളിപ്പുറം, എസ്.കെ. സുജി, മുഹമ്മദ് ഈസ, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം നട്ട സമരവാഴയുടെ വിളവെടുപ്പും ലേലവുമാണ് നടന്നത്. ലേലത്തുക ആലപ്പുഴ ചെങ്ങന്നൂരിൽ ഒറ്റമുറി കുടിലിന്റെ അടുപ്പിൽ കെ-റെയിൽ മഞ്ഞക്കുറ്റിയിട്ട തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ റെയിൽ ജീവനക്കാർ ഇട്ട കുറ്റി പ്രതിഷേധത്തിന്റെ ഭാഗമായി പിഴുതുകളഞ്ഞപ്പോൾ സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റി അതേ അടുപ്പിൽ തിരികെ സ്ഥാപിക്കുകയും ചെയ്തിരുന്നു. താൻ ജീവനോടെ ഉണ്ടെങ്കിൽ തങ്കമ്മക്ക് വീട് വെച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയ സ്ഥലം എം.എൽ.എ നാളിതുവരെ വാക്കുപാലിക്കാൻ തയാറായിട്ടില്ലെന്ന് സമര സമിതി അധികൃതർ ആരോപിച്ചു.
ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലയിലെ സമര പ്രവർത്തകർ ചേർന്ന് വീട് നിർമാണം ഏറ്റെടുക്കുകയും ജനകീയ കമ്മിറ്റി രൂപവത്കരിച്ച ഫണ്ട് ശേഖരണം ആരംഭിക്കുകയും ചെയ്തത്. ഭവന നിർമാണ ഫണ്ടിലേക്കാണ് വാഴക്കുലയുടെ ലേലത്തുക കൈമാറുന്നത്. കെ റെയിലിന് വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ സമരവാഴ നട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.