തിരുവനന്തപുരം: സി-ഡിറ്റിലും കിലയിലും കെൽട്രോണിലും ഉൾപ്പെടെ നടത്തിയ പിൻവാതിൽ നിയമനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലും കൂട്ട സ്ഥിരപ്പെടുത്തലിന് വഴിയൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ് ലോങ് എജുക്കേഷൻ (സ്കോൾ കേരള), സാക്ഷരത മിഷൻ എന്നിവിടങ്ങളിലെ പാർട്ടി ബന്ധുക്കളെയാണ് സ്ഥിരപ്പെടുത്തുന്നത്. അടുത്ത മന്ത്രിസഭ യോഗങ്ങളിൽ തീരുമാനമുണ്ടാകും.
സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലികക്കാരായ 179 റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. റിസോഴ്സ് അധ്യാപകർക്കായി പ്രത്യേക ഇടത് അനുകൂല അധ്യാപക സംഘടന രൂപവത്കരിച്ച ശേഷമാണിത്. കേന്ദ്രസർക്കാർ സമഗ്രശിക്ഷ അഭിയാൻ പദ്ധതിയിൽ അനുവദിക്കുന്ന ഫണ്ടിൽനിന്ന് ശമ്പളം ലഭിക്കുന്നവരാണ് ഭിന്നശേഷിക്കാരെ പഠിപ്പിക്കാനുള്ള റിസോഴ്സ് അധ്യാപകർ.
ഒാരോ വർഷവും പുനർനിയമനമാണ് രീതി. എന്നാൽ, ഏതാനും അധ്യാപകർ ഹൈകോടതിയെ സമീപിക്കുകയും 10 വർഷം പൂർത്തിയായവരെ സ്ഥിരപ്പെടുത്തുന്നത് പരിശോധിക്കണമെന്നുമുള്ള ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിയുടെ മറവിലാണ് സ്ഥിരപ്പെടുത്തൽ നീക്കം.
സ്കോൾ കേരളയിലെ 55 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സഹോദരി ഉൾപ്പെടെയുള്ളവർ സ്ഥിരപ്പെടുത്തൽ പട്ടികയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.