തൃശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൽട്ടന്റ് ലിമിറ്റഡിൽ 19.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹൻ (40) പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്ക്.
ധന്യയുടെ പേരിൽ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സനൽ ലോൺ അക്കൗണ്ടിൽനിന്ന് 80 ലക്ഷം രൂപ ധന്യ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയതോടെ മുൻ വർഷങ്ങളിലെ കണക്കുകളും പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20 കോടിയോളം രൂപ കൈമാറ്റംചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് ജൂലൈ 23നാണ് സ്ഥാപനം പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതോടെ ധന്യ ഒളിവിൽ പോവുകയായിരുന്നു. തട്ടിപ്പുവിവരം പരസ്യമായതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ഈസ്റ്റ് പൊലീസിൽ കീഴടങ്ങി. 18 വർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. കമ്പനിയിൽ അസി. ജനറൽ മാനേജർ (ടെക് ലീഡ്) ആയാണ് പ്രവർത്തിച്ചിരുന്നത്. കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ പൂർണ നിയന്ത്രണം ഇവർക്കായിരുന്നു. വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ അനുവദിച്ചായിരുന്നു തട്ടിപ്പ്. പിന്നാലെ കമ്പ്യൂട്ടറിൽനിന്ന് വിവരങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്.
ജൂലൈ 23ന് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. പരിശോധന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ മാറ്റിയത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം.
വിശ്വാസവഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. റൂറൽ എസ്.പി നവനീത് ശർമ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ വലപ്പാട് സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തി. വലപ്പാട് എസ്.എച്ച്.ഒ രമേഷിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘം രൂപവത്കരിച്ചു.
നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍.ആര്.ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായി സംശയിക്കുന്നുണ്ട്. ധന്യയുടെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്കി.
ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. സ്ഥാപനത്തിനകത്ത് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട് രണ്ടു കോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ധന്യയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കള്‍ ഒളിവിലാണ്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ലോൺ ആപ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സമ്പാദിച്ച പണം ഓൺലൈൻ ട്രേഡിങ്ങിനും മറ്റുമായി ഉപയോഗിച്ചതായും ഇതിൽ ലാഭനഷ്ടങ്ങൾ ഉണ്ടായതായും പ്രതി സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു പറഞ്ഞു. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രതിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മണപ്പുറം കോംപ്ടെക് ആൻഡ് കണ്‍സൽട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ മോഹന്‍ 18 കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് 19.94 കോടി രൂപ തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.