മലപ്പുറം: ജില്ലയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന രണ്ട് ലക്ഷം കടകൾ പ്രവർത്തിക്കുന്നത് ഭക്ഷ്യസുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ബേക്കറികൾ, ഹോട്ടലുകൾ, ടീസ്റ്റാളുകൾ, കൂൾബാറുകൾ, ബേക്കറി നിർമാണ യൂനിറ്റുകൾ, ചപ്പാത്തി കമ്പനികൾ, കാന്റീനുകൾ, ഭക്ഷ്യോൽപാദന യൂനിറ്റുകൾ, സോഡ നിർമാണ യൂനിറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങി അഞ്ച് ലക്ഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കണക്ക്.
ഇവയിൽ 60 ശതമാനം സ്ഥാപനങ്ങൾക്കേ ലൈസൻസോ രജിസ്ട്രേഷനോ ഉള്ളൂ. ബാക്കിയുള്ളവ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ആരംഭിക്കുന്നതിന് മുന്നോടിയായി വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് 2024 എന്ന പേരിൽ ഈമാസം അഞ്ചു മുതൽ എട്ടുവരെ ജില്ലയിൽ പരിശോധന ആരംഭിക്കുമെന്ന് അസി. കമീഷണർ ഡി. സുജിത്ത് പെരേര അറിയിച്ചു. ജില്ലയിലെ മുഴുവൻ ഭക്ഷ്യ സംരംഭകരെയും ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
12 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള എല്ലാ ഭക്ഷ്യ സംരംഭകരും ലൈസൻസ് എടുക്കണമെന്നാണ് നിയമം. നിരവധി സ്ഥാപനങ്ങൾ രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫെബ്രുവരി അഞ്ചിനുശേഷം നിയമനടപടി സ്വീകരിക്കും.
ലൈസൻസ് എടുത്തു പ്രവർത്തിക്കുന്ന മാനുഫാക്ച്ചറിങ് യൂനിറ്റുകളും റീപാക്കിങ് യൂനിറ്റുകളും എല്ലാ വർഷവും വാർഷിക റിട്ടേൺ ഫയൽ ചെയ്യണം. ലൈസൻസ് ലഭിക്കാൻ foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. 12 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ രജിസ്ട്രേഷൻ എടുത്താൽ മതി.
മലപ്പുറം: ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് വകുപ്പ് അറിയിച്ചു. ലൈസൻസ് പരിധിയിലുള്ളവർ രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിച്ചാൽ അവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.
മലപ്പുറം: റോഡമിൻ-ബി എന്ന രാസവസ്തു ചേർത്ത മിഠായി കഴിക്കുന്നത് ലിവർ സിറോസിസ്, കരൾ അർബുദം അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു. നേരത്തെ, ഇടുക്കി ജില്ലയിലെ കുമളിയിൽനിന്ന് റോഡമിൻ-ബി ചേർത്ത പഞ്ഞിമിഠായി ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയിരുന്നു.
തമിഴ്നാട്ടിലെ വസ്ത്രനിർമാണ കേന്ദ്രങ്ങളിൽനിന്നാണ് റോഡമിൻ-ബി മിഠായി നിർമാതാക്കൾ എത്തിക്കുന്നത്. വായിലിട്ടാൽ പുക ഉയരുന്ന, ലിക്വിഡ് നൈട്രജനിൽ മുക്കിയ മിഠായിയുടെ വിൽപനക്കും നിരോധനമുണ്ട്. ഇത്തരം മിഠായി പുതിയങ്ങാടിയിലെ നേർച്ചസ്ഥലത്ത് വിൽക്കുന്നത് ഭക്ഷ്യസുരക്ഷ വകുപ്പ് തടഞ്ഞിരുന്നു.
മലപ്പുറം: വെട്ടം പുതിയങ്ങാടി നേർച്ചസ്ഥലത്തുനിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയ പിങ്ക് ചോക്ക് മിഠായിയിൽ കണ്ടെത്തിയത് റോഡമിൻ ബി എന്ന രാസവസ്തുവാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ടെ റീജനൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ഫുഡ് ലാബിൽ നടത്തിയ മിഠായിയിൽ റോഡമിൻ-ബി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിഠായി നിർമാണത്തിന് നേതൃത്വം നൽകിയ പൊന്നാനി കറുകത്തുരുത്തി വളവിലെ മുഹമ്മദുണ്ണിക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കുമെന്ന് മലപ്പുറം ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ ഡി. സുജിത്ത് പെരേര അറിയിച്ചു. അഞ്ച് ലക്ഷം രൂപ പിഴയും ആറു മാസം തടവുംവരെ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
വസ്ത്രങ്ങളിലും ഗ്ലാസിലും നിറം നൽകുന്നതിനാണ് റോഡമിൻ-ബി ഉപയോഗിക്കുന്നത്. വിഷാംശം കലർന്ന ഈ രാസവസ്തു ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊടിരൂപത്തിലുള്ള റോഡമിൻ-ബി കോയമ്പത്തൂരിൽനിന്നാണ് മുഹമ്മദുണ്ണി വാങ്ങിയിരുന്നത്. പൊന്നാനിയിലെ മൂന്ന് വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മിഠായി നിർമാണം.
ജനുവരി ഏഴിന് വെട്ടം പുതിയങ്ങാടി നേർച്ച സ്ഥലത്ത് തിരൂർ ഭക്ഷ്യസുരക്ഷ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിഷാംശം കലർത്തിയ ചോക്ക് മിഠായി പിടികൂടിയത്. അടുത്ത ദിവസം പൊന്നാനിയിലെ മിഠായി നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല സ്ക്വാഡ് പരിശോധന നടത്തുകയും ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു.
ഉൾപ്രദേശങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മിഠായി നിർമാണം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. മുഹമ്മദുണ്ണിയുടെ വീട്ടിൽനിന്ന് പിടികൂടിയ 500 പാക്കറ്റ് റോഡമിൻ -ബി വ്യാഴാഴ്ച നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.