തിരുവനന്തപുരം: നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ സജ്ജമാക്കാൻ കേരള നോളജ് മിഷന് എന്ന പുതിയ സംരംഭത്തിന് തുടക്ക മായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നൈപുണി പരിശീലനത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും യുവജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിശാല ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഈ പദ്ധതിയുടെ കാതല്‍.
ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ജോലി ചെയ്ത് പിന്നീട് വിട്ടുനില്‍ക്കുന്നവര്‍ക്കും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഗോള തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് അവസരങ്ങള്‍ കണ്ടെത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. knowledgemission.kerala.gov.in എന്നതാണ് പോര്‍ട്ടല്‍.
കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ.ഡിസ്ക്) ആണ് കേരള നോളജ് മിഷന് മേല്‍നോട്ടം വഹിക്കുന്നത്. ചടങ്ങില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്, മന്ത്രി ഡോ. കെ.ടി. ജലീല്‍, കെ-ഡിസ്ക് ചെയര്മാന് ഡോ. കെ.എം എബ്രഹാം, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. വി.കെ. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഡേറ്റ അനലിറ്റിക്സ്, മെഷീന് ലേണിങ്, നിർമിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുള്‍ സ്റ്റാക്ക് ഡെലപ്മെൻറ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ കണ്ടൻറ് ക്രിയേഷന്, മീഡിയ, സിന്തറ്റിക് ബയോളജി, ജെനിറ്റിക് എൻജിനീയറിങ്, അഗ്രികള്‍ചറല്‍ കണ്‍സൾട്ടിങ് തുടങ്ങി മേഖലകളിലാണ് നൈപുണി പരിശീലനം നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.