നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാൻ കെ.വി മാത്യു തയാറാക്കിയ 2012ലെ ആധാരം പുറത്ത്

കോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബഭൂമി തട്ടിയെടുക്കുന്നതിന്  വ്യാജ നികുതി രസീത് ഹാജരാക്കി  കെ.വി മാത്യുവും ജോസഫ് കുര്യനും ചേർന്ന് 2012ൽ തയാറാക്കിയ ആധാരം പുറത്ത്. 2012 ജനുവരി 21നാണ് അഗളി സബ് രജിസ്റ്റർ ഓഫീസിൽ കല്ലേലിൽ കെ.വി മാത്യുവിന്റെ പേരിൽ എഴുതിയ തീറാധാരത്തിന്റെ പകർപ്പാണ് 'മാധ്യമം' ഓൺലൈന് ലഭിച്ചത്. ഒറ്റപ്പാലം സബ് കോടതിയിലെ ഉത്തരവ് പ്രകാരമാണ് ആധാരം എഴുതി ഉണ്ടാക്കിയയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മണ്ണാർക്കാട് മൂപ്പിൽ നായർ ജന്മം വകയുണ്ടായിരുന്ന ഭൂമി കന്തസ്വാമി ബോയന് വാക്കാൽ പാട്ടത്തിന് കൊടുത്തുവെന്നാണ് ആധാരത്തിൽ എഴുതിയിരിക്കുന്നത്. നഞ്ചിയമ്മയുടെ ഭർത്താവിന്‍റെ പിതാവിന്റെ ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടില്ല. നഞ്ചിയമ്മയുടെ കുടുംബഭൂമിയാണ് കന്തസ്വാമി തട്ടിയെടുത്തതെന്നോ ടി.എൽ.എ കേസുള്ള ഭൂമയിണോന്നോ സൂചിപ്പിട്ടില്ല. 


കന്തസ്വാമിയുടെ മരണശേഷം ഏക അവകാശിയും മകനുമായ മാരി മുത്തുവിനെ അവകാശം ലഭിച്ച ഭൂമിയെന്നാണ് ആധാരത്തിൽ രേഖപ്പെടുത്തിയത്. മാരിമുത്തുവിൽ നിന്ന് രണ്ട് ലക്ഷം രൂപക്ക് ഭൂമി തീറുവാങ്ങുവാൻ നിശ്ചയിച്ചു. 2009 ഏപ്രിൽ 12നാണ് മാരിമുത്തുവുമായി എഗ്രിമെൻറ് എഴുതി ഉണ്ടാക്കിയത്. അതിന് 1.60 ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. എന്നാൽ, ബാക്കി തുക വാങ്ങി തീരാധാരം എഴുതിക്കൊടുക്കാൻ മാരിമുത്തു വീഴ്ചവരുത്തി. അതിനാലാണ് മാരിമുത്തുവിന്റെ പേരിൽ ഒറ്റപ്പാലം കോടതിയിൽ കെ.വി മാത്യു കേസ് ഫയൽ ചെയ്തത്.

ഈ കേസിൽ മാരിമുത്തു ബാക്കി തുക വാങ്ങി ഭൂമി ആധാരം ചെയ്തു കൊടുക്കണമെന്ന് 2011 ഫെബ്രുവരി 27ന് കോടതി വിധി പുറപ്പെടുവിച്ചു. അത് പ്രകാരമാണ് 2011 മാർച്ച് 25ന് ബാക്കി തുക കെട്ടിവച്ച് തീറാധാരം എഴുതി നൽകിയത്. പൂർണ ക്രയവിക്രയ സ്വാതന്ത്ര്യം നൽകിയാണ് ഭൂമിയുടെ ആധാരം നൽകിയത്. അട്ടപ്പാടി അഗളി വില്ലേജ് ഓഫീസിന്റെ എതിർവശം സർവേ നമ്പർ 1167 /1, 1167/6 ൽ ആറിൽ ഉൾപ്പെട്ടതായ 1.40 സെൻറ് ഭൂമിയാണ് വിൽപന നടത്തിയത്.

പ്രമാണ പ്രകാരം ഭൂമിയുടെ ഒരു ഭാഗത്ത് വെള്ളച്ചാൽ ആണ്. മറുഭാഗത്ത് മണ്ണാർക്കാട് -ചിന്നത്തടാകം റോഡും ഗവൺമെൻറ് വക സ്ഥലവും ആണ്. വെറും പാട്ടാവകാശ ഭൂമിയായതിനാൽ മറ്റ് രേഖകൾ ഹാജരാക്കിയിട്ടില്ല. മാരിമുത്തുവിന്റെ പേരിൽ പ്രമാണം ഉണ്ടായിരുന്നില്ല. കന്തസ്വാമി ഭൂമി മാരിമുത്തുവിന് ആധാരം ചെയ്ത് കൊടുത്തിട്ടില്ല. മാരിമുത്തുവിന് ഈ ഭൂമി വിൽക്കാനുള്ള അവകാശവും ഉണ്ടായിരുന്നില്ല. മാരിമുത്തുവിന്റെ പേരിൽ കോടതിയിൽ ഹാജരാക്കിയത് വ്യാജ നികുതി രസീതായിരുന്നു. അത് പരിശോധിക്കാതെയാണ് കോടതി ഉത്തരവായത്.

ഒറ്റപ്പാലം കോടതി ന്യായാധിപൻ എ. ശങ്കരൻ നായരാണ് ഉത്തരവിട്ടത്. ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടത് നിരപ്പത്ത് ജോസഫ് കുര്യനും സി.പി ജോസുമാണ്. 2012 ഏപ്രിൽ 17ന് അഗളി സബ് രജിസ്ട്രാർ ഓഫീസിലെ ഒന്നാം പുസ്തകത്തിൽ 31ആം വാല്യത്തിൽ 353 മുതൽ 356 വരെയുള്ള വശങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ആധാരത്തിന് സാക്ഷിയായി നിന്ന ജോസഫ് കുര്യന് പിന്നീട് കെ.വി മാത്യു 50 സെൻറ് ഭൂമി വിറ്റു. 


റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞ മറുപടിയിലും ഇക്കഥയാണ് ആവർത്തിച്ചത്. റവന്യൂ മന്ത്രിക്ക് മറുപടി എഴുതി നൽകിയ അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരാണ്. അവർ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മറുപടി നൽകിയത്. മാരിമുത്തുവിന്റെ പേരിൽ വ്യാജ നികുതി രസീത് നിർമിച്ചാണ് ഭൂമി കച്ചവടത്തിനുള്ള എഗ്രിമെൻറ് തയാറാക്കിയത് കെ.വി മാത്യുവും ജോസഫ് കുര്യനും ചേർന്നാണെന്ന് വെളിപ്പെടുത്തിയത് മാരുമുത്തുവാണ്.

ആദിവാസിയായ മാരിമുത്തുവിനെ ഉപയോഗിച്ചാണ് ഭൂമാഫിയ ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തം. എന്നിട്ടും അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ ജോസഫ് കുര്യന് കൈവശ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകി. റവന്യൂ ഉദ്യോഗസ്ഥരുടെ ഭൂമാഫിയ ബന്ധം പകൽപോലെ വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമീഷറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രി നിർദേശിച്ചിട്ടും അട്ടപ്പാടിയിലെ തഹസിൽദാർക്ക് കുലുക്കമില്ല.

ഭൂമാഫിയ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് അട്ടപ്പാടി തഹസിൽദാർ. നിയമം നടപ്പാക്കാനല്ല ആദിവാസികൾക്ക് നീതി നിഷേധിക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. അതിനുവേണ്ടി രേഖകൾ ഹാജരാക്കുകയാണ് തഹസിൽദാർ ചെയ്യുന്നത്. 

Tags:    
News Summary - 2012 basis prepared by KV Mathew to grab Nanchiamma's land is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.