നിയമസഭയിൽ പ്രതിപക്ഷബഹളം; ചോദ്യോത്തരവേള തടസപ്പെട്ടു

തിരുവനന്തപുരം: മന്ത്രി കെ.ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള പ്ളക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചതോടെ  രാജി ആവശ്യവുമായി മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം എഴുന്നേറ്റു.

ഈ സമയത്ത് ഭരണപക്ഷത്തനിന്നും ഉയർന്ന ചില ആക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങൾ പ്രതിപക്ഷത്തെ പ്രകോപിതരാക്കി. ഇതോടെ എം.എൽ.എമാരായ വി.എസ്. സുനിൽ കുമാർ, വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിപക്ഷത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചവർക്കെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഈയവസരത്തിൽ സ്പീക്കർ ഇടപെട്ട് അംഗങ്ങളെ അനുനയിപ്പിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് അഭ്യർഥിച്ചു. ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അപകീർത്തികരമായ പരാമർശം ശരിയായില്ല എന്ന സ്പീക്കർ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിന്‍റെ മോശം പരാമർശം സഭാരേഖളിൽ നിന്നും നീക്കംചെയ്യുമെന്ന് സ്പീക്കർ ഉറപ്പു നൽകിയതോടെയാണ് പ്രതിപക്ഷം ശാന്തരായി സീറ്റുകളിലേക്ക് മടങ്ങാൻ തയ്യാറായത്. ഇതോടെ പത്തുമിനിറ്റ് വൈകി ചോദ്യോത്തരവേള 8.40ഓടെ ആരംഭിച്ചു.
 
മന്ത്രി ബാബുവിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെയുണ്ടായ പ്രതിപക്ഷം ബഹളത്തെ തുടർന്ന് സഭ ഉച്ചയോടെ നിര്‍ത്തിവച്ചിരുന്നു. നേരത്തെ പിരിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.