പാലക്കാട്: പത്തനംതിട്ട മണിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാർബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്കുതന്നെ മറിച്ചുനൽകി ലാഭമുണ്ടാക്കി. ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്കു നൽകി കരാർപ്രകാരം പണം കൈപ്പറ്റുകയും ചെയ്തു.
ഇതുസംബന്ധിച്ച് 2022 നവംബറിൽ രണ്ടു തവണ കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയെന്നും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നത് വിലക്കിയെന്നും രേഖകൾ വ്യക്തമാക്കുന്നു.
പകൽ സമയത്ത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതിക്ക് വില കുറവാണെന്നിരിക്കേ യൂനിറ്റിന് രണ്ടു രൂപയിൽ താഴെ മാത്രം വിലക്ക് വൈദ്യുതി വാങ്ങി കമ്പനി ആവശ്യത്തിന് ഉപയോഗിക്കുകയും ഇതുമൂലം ബാക്കിവന്ന ഉൽപാദിപ്പിച്ച കെ.എസ്.ഇ.ബി വൈദ്യുതി കെ.എസ്.ഇ.ബിക്ക് യൂനിറ്റിന് മൂന്നു മുതൽ നാലു രൂപ വരെ നിരക്കിൽ തിരികെ നൽകുകയായിരുന്നു. കമ്പനിയുമായുള്ള കരാറിൽ കമ്പനി ആവശ്യത്തിനു ശേഷമുള്ള വൈദ്യുതി തിരികെ നൽകാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഫലത്തിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്കുതന്നെ നൽകി കമ്പനി ലാഭം കൊയ്യുകയായിരുന്നു. 2022 നവംബറിലാണ് ഇക്കാര്യം കെ.എസ്.ഇ.ബി അറിഞ്ഞതും നടപടി എടുത്തതും. ഇത്തരത്തിൽ കാലങ്ങളായി കമ്പനി ലക്ഷങ്ങൾ ലാഭം കൊയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
കെ.എസ്.ഇ.ബി വൈദ്യുതി പൂർണമായി ഉപയോഗിച്ചശേഷം മാത്രമേ സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങാൻ പാടുള്ളൂവെന്ന് നവംബറിൽ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കാർബോറാണ്ടത്തിന് നൽകിയ ഉത്തരവിൽ പറയുന്നുണ്ട്. 2022 ജനുവരി മുതൽ വൈദ്യുതിക്ഷാമമുള്ള മേയ് ഒഴിച്ച് കെ.എസ്.ഇ.ബി വൈദ്യുതി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കരാറിൽ വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം 2021 ആഗസ്റ്റ് 28ന് റെഗുലേറ്ററി കമീഷനും ആവർത്തിച്ചിട്ടുണ്ട്.
12 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18നാണ് കാർബോറാണ്ടം യൂനിവേഴ്സൽ ലിമിറ്റഡുമായി കെ.എസ്.ഇ.ബി കരാർ ഒപ്പുവെക്കുന്നത്. ബി.ഒ.ടി (ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ) വ്യവസ്ഥപ്രകാരം 30 വർഷത്തേക്കായിരുന്നു കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.