മഡിയന്‍ കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണില്‍ റെയ്ഡ്: റജി ജി. നായരുടെ കാലത്തെ ക്രമക്കേട് കണ്ടെത്തി

കാഞ്ഞങ്ങാട്: കണ്‍സ്യൂമര്‍ ഫെഡിന്‍െറ മഡിയനിലെ  മേഖലാ ഓഫിസില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടത്തെി. സ്വകാര്യ വ്യക്തിയുടെ കെട്ടിടം 23 ലക്ഷം രൂപ ചെലവില്‍ മോടിപിടിപ്പിച്ചതാണ് പ്രധാന ക്രമക്കേട്. 10,000 രൂപക്കു മുകളില്‍ പ്രവൃത്തി ഏറ്റെടുക്കുമ്പോള്‍ ടെന്‍ഡര്‍ വിളിക്കണമെന്ന ചട്ടം പാലിച്ചില്ല. കണ്‍സ്യൂമര്‍ ഫെഡിലെ റെയ്ഡിനെ തുടര്‍ന്ന് തല്‍സ്ഥാനം രാജിവെച്ച മുന്‍ എം.ഡി റജി ജി. നായര്‍ മാനേജിങ് ഡയറക്ടറും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.കെ. നാരായണന്‍ ചെയര്‍മാനുമായിരുന്ന 2009-2010 കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നതെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു.

2009-10 കാലത്ത് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കെട്ടിടം മോടിപിടിപ്പിച്ചത്. ഇതില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടത്തെിയത്. 23 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി വാങ്ങിയില്ല എന്നത് ഗുരുതരമായ കുറ്റമാണ്. ഓഡിറ്റ് നടത്തിയത് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ തന്നെയാണ് എന്നത് മറ്റൊരു ക്രമക്കേട്. ഓഡിറ്റ് റിപ്പോര്‍ട്ടാണ് പരിശോധനക്ക് അടിസ്ഥാനം. കാസര്‍കോട് വിജിലന്‍സ് യൂനിറ്റിലെ സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് റെയ്ഡ്. നവീകരിച്ച ഓഫിസിന് വന്‍തുക വാടകയും നല്‍കുന്നുണ്ട്.  

പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഷാജി, വിജിലന്‍സിലെ പ്രമോദ്, കൃഷ്ണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഇത് പ്രാഥമിക പരിശോധന മാത്രമാണെന്നും കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം നീങ്ങുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.