പൊലീസ് സ്ഥലംമാറ്റം: നിയമസഭയിൽ വി.എസ്-ഉമ്മൻചാണ്ടി വാക്കേറ്റം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്ഥലമാറ്റ വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നൽകിയത്. പൊലീസ് സേനയെ ചട്ടുകമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നെന്ന് ശ്രീരാമകൃഷ്ണൻ ആരോപിച്ചു.

നാല് ഡി.ജി.പിമാരിൽ മൂന്നു പേരും സ്ഥാനമാറ്റത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാറ്റൂർ, ബാർ കോഴ കേസുകളിൽ മന്ത്രി കെ.എം മാണിക്കെതിരെ നീങ്ങിയപ്പോൾ ഡി.ജി.പി ജേക്കബ് തോമസിനെ സ്ഥലംമാറ്റി. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനും ജയിൽ സൂപ്രണ്ടന്‍റും രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവം പുറത്തായപ്പോൾ ലോക്നാഥ് ബഹ് റയെ ജയിൽ മേധാവി സ്ഥാനത്ത് നിന്നു നീക്കുകയാണ് ചെയ്തത്. ഡി.ജി.പി നിയമനത്തിലെ അപാകത സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാക്കി. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരോട് സർക്കാറിന് അസഹിഷ്ണുതയാണ്. പൊലീസ് സേനയെ താളത്തിന് തുള്ളുന്ന വാനര സേനയാക്കിയെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ നിഷേധിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ന്യായമായ ശമ്പളം ലഭിക്കുമോ എന്നതാണ് ഐ.പി.എസുകാരുടെ സംശയമെന്ന് വിശദീകരിച്ചു. ന്യായമായ ശമ്പളം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. പുതിയ കേഡർ തസ്തിക സൃഷ്ടിച്ച് ശമ്പള പ്രശ്നത്തിന് പരിഹാരം കാണും. ന്യായമായ സ്ഥാനക്കയറ്റം എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ആരെയും തരംതാഴ്ത്താതെ പരമാവധി സ്ഥാനക്കയറ്റം ഉറപ്പാക്കും. സംസ്ഥാനത്ത് 29 കേഡർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഡി.ജി.പിമാരുടെ തസ്തിക വർധിപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്. ഫ്ലാറ്റ് വിവാദവും ഡി.ജി.പിമാരുടെ സ്ഥലംമാറ്റവും തമ്മിൽ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല സഭയെ അറിയിച്ചു.

വിഷയത്തിൽ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ, ഡി.ജി.പി ജേക്കബ് തോമസ് സർക്കാറിന്‍റെ നോട്ടപ്പുള്ളിയാണെന്ന് ആരോപിച്ചു. അദ്ദേഹത്തെ പൊലീസ് സ്റ്റേഡിയത്തിന്‍റെ മൂലക്ക് എൻജിനീയർ ഇരിക്കേണ്ടിടത്ത് ഇരുത്തി. പൊലീസ് സേന, അഗ്നിശമനസേന, ജയിൽ, വിജിലൻസ് എന്നിവ നാഥനില്ലാ കളരിയാണെന്നും വി.എസ് പരിഹസിച്ചു. ഇതിനിടെ വി.എസും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. മൂന്നുനില കെട്ടിടങ്ങൾ മതിയെന്ന ഉദ്യോഗസ്ഥ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രവരെ ഉയരുമെന്ന വി.എസിന്‍റെ ചോദ്യത്തിന് എവിടെ വരെ  ഉയരാമോ, അവിടെ വരെ ഉയരുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ സർക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ജേക്കബ് തോമസ് പാറ്റൂർ കേസിൽ ലോകായുക്തക്ക് നൽകിയ റിപ്പോർട്ടിൽ തന്‍റെയും മന്ത്രിമാരുടെയും പേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ വിശദീകരണത്തെ തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബാനറുകളും പ്ലക്കാർഡുകളും കൊണ്ട് സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങൾ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം വെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.