‘സി.എം.ആർ.എൽ അനധികൃത ഇടപാടുകൾ പൊതുഖജനാവിലെ കൊള്ള’; മാസപ്പടിയിൽ കമ്പനി രജിസ്ട്രാർ ഹൈകോടതിയിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ പേരിലുള്ള കമ്പനിക്ക് അടക്കം മാസപ്പടി നൽകിയതിൽ സി.എം.ആർ.എൽ നടത്തിയ അനധികൃത പണമിടപാടുകൾ പൊതുഖജനാവിൽ നിന്നുള്ള കൊള്ളയെന്ന് കമ്പനി രജിസ്ട്രാർ ഹൈകോടതിയിൽ. പൊതുമേഖല സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷന്‍റെ (കെ.എസ്.ഐ.ഡി.സി) പണവും ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില കാര്യങ്ങൾ മറച്ചുവെക്കാൻ കെ.എസ്.ഐ.ഡി.സി ശ്രമിച്ചിട്ടുണ്ടെന്നും ഇത് സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും രജിസ്ട്രാർ പറഞ്ഞു.

സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടിന്‍റെ പേരിൽ തങ്ങൾക്കെതിരെയും സീരിയസ് ഫ്രോഡ് ഇൻെവസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി.സി നൽകിയ ഹരജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി രജിസ്ട്രാർ വി.എം. പ്രശാന്തിന്‍റെ വിശദീകരണം. കമ്പനി രജിസ്ട്രാറുടെ റിപ്പോർട്ടിെന്‍റ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

2019ൽ സി.എം.ആർ.എല്ലിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നെങ്കിലും കെ.എസ്.ഐ.ഡി.സി ഇക്കാര്യം ചർച്ച ചെയ്യുന്നത് ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ്. സി.എം.ആർ.എല്ലിന്‍റെ അനധികൃത ഇടപാടുകൾ പുറത്തുവന്ന ശേഷം കെ.എസ്.ഐ.ഡി.സി ഭാഗത്തുനിന്ന് ചില നടപടികളുണ്ടായത് മുഖം രക്ഷിക്കാൻ മാത്രമായിരുന്നു. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്.

സി.എം.ആർ.എല്ലിന്‍റെ അനധികൃത ഇടപാടുകളിൽ കെ.എസ്.ഐ.ഡി.സിക്കും ഉത്തരവാദിത്തമുണ്ട്. സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് 13.41 ശതമാനം ഓഹരിയും നോമിനി ഡയറക്ടറും ഉണ്ട്.

ഇക്കാര്യത്തിൽ കമ്പനി രജിസ്ട്രാർ കെ.എസ്.ഐ.ഡി.സിയുടെ വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സി.എം.ആർ.എല്ലിന്‍റെ എല്ലാ അനധികൃത ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് എസ്.എഫ്.ഐ.ഒക്ക് അന്വേഷണം വിട്ടത്.

സി.എം.ആർ.എല്ലിലെ നിയമവിരുദ്ധ ഇടപാടുകൾ നോമിനി ഡയറക്ടർ കെ.എസ്.ഐ.ഡി.സിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമായിരുന്നുവെന്നും സൽകീർത്തിക്ക് മങ്ങലേൽക്കുമെന്ന പേരിലുള്ള കെ.എസ്.ഐ.ഡി.സിയുടെ ഒളിച്ചോട്ടം അനുവദിക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Tags:    
News Summary - CMRL case in High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.